ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് സ്‌കൂളിൽ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. കുട്ടികൾക്ക് വെയിൽ ശക്തി പ്രാപിക്കുന്നതിന് മുമ്പ് സ്‌കൂളുകളിൽ എത്തി പരീക്ഷയ്ക്ക് പഠിക്കുന്നതിന് സൗകര്യമൊരുക്കുന്നത് ഗുണകരമായിരിക്കും. മുഴുവൻ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലും ഉച്ചഭക്ഷണം ഉളളതുകൊണ്ട് ഇത്തരം സൗകര്യമൊരുക്കാൻ പ്രയാസമുണ്ടാകില്ല എന്നും കമ്മിഷൻ വിലയിരുത്തി.

             സംസ്ഥാനത്തെ എൽ.പി. – യു.പി. ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ സമയക്രമം ഇതുവരെ രാവിലെയായിരുന്നു. വേനൽ ചൂട് 40 ഡിഗ്രി കടന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷാ സമയക്രമം എൽ.പി ക്ലാസുകളിലെ കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ പരീക്ഷാ സമയംക്രമം മാറ്റുന്നതിന് കമ്മീഷൻ ഇടപെടണമെന്ന് കോഴിക്കോട് നിവാസികളുടെ പരാതി പരിഗണിച്ചാണ് കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗം ശ്യാമളാദേവി എന്നിവരുടെ ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കമ്മിഷന്റെ ശിപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 30 ദിവസത്തിനകം ലഭ്യമാക്കാനും നിർദേശിച്ചു.