ജില്ലയില്‍ വിതരണം ചെയ്യുന്നത് 18,68,424 പുസ്തകങ്ങള്‍

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ജില്ലാതല ഉദ്ഘാടനം ടൗണ്‍ യു പി സ്‌കൂളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കൊല്ലം നഗരത്തിലെ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും മേയര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഷാജി മോന്‍ മേയറില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് അച്ചടി പൂര്‍ത്തിയാക്കിയ പാഠപുസ്തകങ്ങള്‍ കുടുംബശ്രീയാണ് വിതരണം ചെയ്യുന്നത്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 18,68,424 പുസ്തകങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുക. ഇതില്‍ 7,19,988 പുസ്തകങ്ങള്‍ തയ്യാറായികഴിഞ്ഞു. ബാക്കി പുസ്തകങ്ങള്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പേ വിതരണം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

പി ടി എ പ്രസിഡന്റ് കെ സി റെന്‍സി മോള്‍ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ടൗണ്‍ യു പി എസ് പ്രഥമാധ്യാപകന്‍ യേശുദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.