മണ്ണിന്റെ ഗുണമേന്മറിയാനുള്ള പരിശോധന ഫലത്തിന് ആഴ്ചകൾ കാത്തിരുന്ന് മുഷിഞ്ഞ പഴയ കാലത്തെ നമുക്ക് മറക്കാം. മണ്ണിന്റെ ഗുണദോഷങ്ങൾ വിരല്‍ത്തുമ്പിലൂടെ മിനിറ്റുകള്‍ കൊണ്ടറിയാനുള്ള ആപ്ലിക്കേഷന്‍ സംവിധാനം തയ്യാറായി കഴിഞ്ഞു. . മണ്ണ് പര്യവേഷണ കേന്ദ്രവും കൃഷി വകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന മൊബൈല്‍ ആപ്പിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഇതിനായി ആദ്യം പ്ലേ സ്റ്റോറില്‍ നിന്നും മണ്ണ് (മൊബൈല്‍ ആപ്ലിക്കേഷന്‍ ഓണ്‍ മണ്ണ്) എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ജി പി എസ് ഓണാക്കി ‘പോഷക നില പരിശോധിക്കുക’ എന്ന ഓപ്ഷനിലൂടെ നിങ്ങള്‍ നില്‍ക്കുന്ന ഭൂമിയിലെ മൂലകങ്ങളും പ്രത്യേകതകളുമെല്ലാം അറിയാം.
ഓര്‍ഗാനിക് കാര്‍ബണ്‍, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക് പിഎച്ച് മൂല്യം എന്നിവയും മനസിലാക്കാനാകും. മണ്ണിന്റെ പ്രത്യേകതക്കനുസരിച്ച് വിള തെരഞ്ഞെടുക്കാനും വളപ്രയോഗത്തിന്റെ രീതി അറിയാനും ആപ്പ് കര്‍ഷകരെ സഹായിക്കും. കാപ്പി, നെല്ല് തുടങ്ങി 21 വിളകളുടെ വിവരങ്ങളാണ് ഇതിലുളളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കേരളയാണ് ആപ്പ് തയ്യാറാക്കിയത്. ആപ്പ് മലയാളത്തില്‍ കൂടി ലഭ്യമാകുന്നത് കര്‍ഷകര്‍ക്ക് ഉപകാരപ്രദമാണ്. കൂടുതല്‍ പ്രദേശങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നുണ്ടെന്നും മൊബൈലിലൂടെ ഈ സേവനം നിരവധിപ്പേര്‍ ഉപയോഗിക്കുന്നുണ്ടെന്നും ജില്ലാ സോയില്‍ സര്‍വെ ഓഫീസര്‍ രതീദേവി പറഞ്ഞു.