മാലിന്യ സംസ്‌കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 146 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി. മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം തടയുന്നതിനായി രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് പിടികൂടിയത്. വൈത്തിരി, വെള്ളമുണ്ട, മീനങ്ങാടി, മാനന്തവാടി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിലെ കടകളിലും പൊതുയിടങ്ങളിലുമായിരുന്നു പരിശോധന. പരിശോധനയില്‍ ഇതുവരെ 50000 രൂപ പിഴയും ഈടാക്കി.

പരിശോധനയുടെ ഭാഗമായി സംഘം എംസിഎഫുകളും സന്ദര്‍ശിച്ചു. മാലിന്യം ശാസ്ത്രീയമായ രീതിയില്‍ നീക്കം ചെയ്യാനും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. എം.സി.എഫുകളിലെയും മിനി എം.സി. എഫുകളിലെയും മാലിന്യങ്ങള്‍ ശാസ്ത്രീയ രീതിയില്‍ നീക്കം ചെയ്ത് സുരക്ഷിതമാക്കാനും ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാനും നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലും സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.