ഗുണമേന്മയുള്ള റോഡുകൾ സുരക്ഷിത യാത്ര എന്ന ലക്ഷ്യത്തോടെ പൊതുമരാമത്തു വകുപ്പ് നടപ്പിലാക്കുന്ന റോഡ് നവീകരണം പ്രവൃത്തികൾ അന്തിമ ഘട്ടത്തിലേക്ക്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണവും പുനരുദ്ധാരണവും നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തികളും മികച്ച നിലവാരത്തിലാണ് നടന്നു വരുന്നത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 264.75 കോടി രൂപ ചെലവില്‍ 353.232 കിലോമീറ്റര്‍ റോഡുകള്‍ നവീകരിച്ചു.
147.43 കോടി രൂപ ചെലവില്‍ 117.437 കിലോമീറ്റര്‍ റോഡ് നവീകരിച്ചു. നബാര്‍ഡില്‍ ഉള്‍പ്പെടുത്തി 35.53 കോടി രൂപ ചെലവില്‍ 27.84 കി മീ റോഡും നവീകരിച്ചു. പ്രളയത്തില്‍ തകര്‍ന്ന 20.62 കിലോമീറ്റര്‍ റോഡുകള്‍ 26.20 കോടി രൂപ ചെലവിട്ട് നവീകരിച്ചു. ഇതിനു പുറമെ 78.303 കിലോമീറ്റര്‍ റോഡ് നവീകരണത്തിനായി 43.9 കോടി രൂപയുടെ പ്രവൃത്തികളും പൂര്‍ത്തിയാക്കി. നോണ്‍ പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ച് 11.69 കോടി രൂപ ചെലവില്‍ 9.86 കി മി റോഡും മെച്ചപ്പെടുത്തി. 2025 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡാണ് ജില്ലയിലുള്ളത്.പൊതു ഇടങ്ങളുടെ നവീകരണ പ്രവൃത്തികള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതും ശ്രദ്ധേയമാണ്. 17.50 കോടി രൂപ ചെലവിട്ട് ജില്ലയിലെ 16 ചെറുപട്ടണങ്ങളില്‍ സൗന്ദര്യവല്‍ക്കരണം നടത്തി. ഒമ്പത് പട്ടണങ്ങളില്‍ പ്രവൃത്തി നടക്കുന്നു.

പുതിയ ദേശീയ പാതയെ തളിപ്പറമ്പ് നഗരവുമായി ബന്ധിപ്പിക്കുന്നതിന് തളിപ്പറമ്പ് -കീഴാറ്റൂര്‍ ബൈപ്പാസ്, ചക്കരക്കല്‍ ടൗണിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനുള്ള ബൈപാസ് എന്നിവയുടെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികളും പൂര്‍ത്തിയായി.