സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരദേശ നിയമസഭ മണ്ഡലങ്ങളില്‍ നടത്തുന്ന ‘തീരസദസ്’ പരിപാടിയുടെ അരൂര്‍ മണ്ഡലത്തിലെ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. തീരമേഖലയില ജനങ്ങളുമായി സംവദിക്കുന്നതിനും പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായാണ് തീരസദസ് സംഘടിപ്പിക്കുന്നത്. അരൂര്‍ മണ്ഡലത്തിലെ തീരസദസ് മെയ് അഞ്ചിന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ നടക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തീരദേശ മത്സ്യത്തൊഴിലാളികള്‍ക്കും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരസദസില്‍ പങ്കെടുക്കാം. മത്സ്യത്തൊഴിലാളികളുടെ പരാതികളും അപേക്ഷകളും www.fisheries.kerala.gov.in എന്ന വെബ്‌സൈറ്റിലോ മത്സ്യഭവനുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഏപ്രില്‍ 15 -നകം സമര്‍പ്പിക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ മാത്രമേ തീരസദസില്‍ പരിഗണിക്കൂ.

പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗം ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. വിശ്വംഭരന്‍, എം.ജി രാജേശ്വരി, ആര്‍. പ്രദീപ്, വി.വി ആശ, ധന്യ സന്തോഷ്, ജില്ല പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ്, പി.പി പ്രതീഷ്, എന്‍. സജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് ശശിധരന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം പി.ഐ. ഹാരിസ്, മത്സ്യഫെഡ് അംഗം പി.എസ്. ബാബു, മത്സ്യഫെഡ് ജില്ല മാനേജര്‍ ഷാനവാസ്, മിനിമോള്‍, ട്രേഡ് യൂണിയന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.