പൊലീസ് സ്റ്റേഷൻ വിസിറ്റേഴ്‌സ് ലോഞ്ചുകൾ, സ്ത്രീ സൗഹൃദ ഇടങ്ങൾ ഉദ്ഘാടനം ചെയ്തു

കേരള പോലീസിൽ പുഴുക്കുത്തുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കേളകത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാങ്കേതികത്വത്തിൽ വലിയ ജ്ഞാനമുള്ള വിദ്യാസമ്പന്നരായ ആളുകൾ പോലീസ് സേനയിലേക്ക് കൂടുതലായി വരുന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

ക്രമസമാധാന പാലനത്തിൽ രാജ്യത്തെ മികച്ച സംഘമാകാൻ കേരള പൊലീസിനായി. എന്നാൽ ഇത്തരം മാതൃകാപരമായ പ്രവർത്തനത്തിന് വിപരീതമായി പ്രവർത്തിക്കുന്നവരെയും കാണാനായി. അത്തരക്കാരെ പുറത്താക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. കുറ്റക്കാർക്ക് ജാതിയുടെയോ മതത്തിന്റെയോ പേരിൽ കേരള പൊലീസ് പ്രത്യേക പരിരക്ഷ നൽകാത്തതാണ് സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ ഇല്ലാത്തതിന്റെ പ്രധാന കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് കേരളം സ്വീകരിക്കുന്നത്. പ്രത്യേക വിഭാഗക്കാരായതു കൊണ്ട് കുറ്റക്കാർക്ക് കേരളത്തിലെ പൊലീസ് പ്രത്യേക പരിരക്ഷ നൽകാറില്ല.

സേനയിൽ വലിയ മാറ്റമാണ് ഇപ്പോൾ ഉണ്ടായത്. കുറ്റാന്വേഷണ മികവ് വിമർശകർക്ക് പോലും അംഗീകരിക്കേണ്ടി വരുന്നു. ഭയപ്പാടോടെ കണ്ടിരുന്ന സേനയെ ജനങ്ങൾ ഇപ്പോൾ ആശ്രയകേന്ദ്രമായി കാണുന്നു. സംസ്ഥാനത്തെ സ്റ്റേഷനുകൾ സ്ത്രീ സൗഹൃദവും ജനമൈത്രിയുമാകുന്നു-മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്. കണ്ണൂർ ജില്ലയിലെ പയ്യാവൂർ, കരിക്കോട്ടരി, മാലൂർ, കുടിയാൻമല, പെരിങ്ങേം, കേളകം, ശ്രീകണ്ഠാപുരം, ഇരിക്കൂർ, ആറളം എന്നീ സ്റ്റേഷനുകളിൽ നിർമ്മിച്ച വിസിറ്റേഴ്സ് ലോഞ്ചുകൾ, ശ്രീകണ്ഠാപുരം, പെരിങ്ങോം, ഇരിക്കൂർ സ്റ്റേഷനുകളിലെ സ്ത്രീ സൗഹൃദ ഇടങ്ങൾ, 16.03 ലക്ഷത്തിന് കണ്ണൂർ സിറ്റി സെൻട്രൽ പൊലീസ് കാന്റീനിൽ നിർമ്മിച്ച പുതിയ ഗേറ്റും അനുബന്ധ സൗകര്യങ്ങളും, പാലക്കാട് പുതൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം, കോട്ടയം വൈക്കം സ്റ്റേഷനിലെ പുതിയ കെട്ടിടം, കോട്ടയം കറുകച്ചാൽ സ്റ്റേഷനിൽ ഒരുക്കിയ പ്രധാന ഗെയ്റ്റും അനുബന്ധ സൗകര്യങ്ങളും, കാസർകോട് ജില്ലാ ഓഫീസിൽ ഒരുക്കിയ സന്ദർശക മുറിയും ജില്ലാ പൊലീസ് മേധാവിയുടെ നവീകരിച്ച ചേമ്പറും ജില്ലാ പൊലീസ് ആസ്ഥാനത്തെ വിസിറ്റിങ്ങ് ഓഫീസർമാരുടെ ക്വാർട്ടേഴ്സും, കാസർകോട് ബേക്കൽ സബ് ഡിവിഷൻ കൺട്രോൾ റൂം തറക്കല്ലിടൽ എന്നിവയാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്.

കേളകം പൊലീസ് സ്റ്റേഷനിന് സമീപം നടന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോഴിക്കോട് ഉത്തര മേഖല ഐ ജി പി ധീരജ് കുമാർ ഗുപ്ത, കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ, ജില്ലാ റൂറൽ പൊലീസ് മേധാവി എം ഹേമലത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ്, വാർഡ് അംഗം സുനിത രാജു, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പി അനീഷ്, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പ്രിയേഷ് എന്നിവർ പങ്കെടുത്തു.