മോട്ടോർ വാഹന വകുപ്പും കെ.എസ്.ഇ.ബിയും ചേർന്ന് സംഘടിപ്പിച്ച പാനൽ ചർച്ച ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങളാണ് സർക്കാരും മോട്ടോർ വാഹന വകുപ്പും കൈക്കൊള്ളുന്നതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടന്നതിനായി നൂതന സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നതിനും ചാർജിംഗ് സമയം കുറച്ചു കൊണ്ടുവരുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയോടനുബന്ധിച്ച് വൈദ്യുത വാഹനം – ആശങ്കകൾ, സാധ്യതകൾ, ആനുകാലിക റോഡ് സുരക്ഷാ ചിന്തകൾ എന്ന വിഷയത്തിൽ മോട്ടോർ വാഹന വകുപ്പും കെ.എസ്.ഇ.ബിയും ചേർന്ന് സംഘടിപ്പിച്ച പാനൽ ചർച്ച ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹന രംഗം നിലവിൽ നേരിടുന്ന വെല്ലുവിളികളും ഈ മേഖലയുടെ ഭാവിയും ഭാവിയിൽ സ്വീകരിക്കാവുന്ന ക്രിയാത്മക നടപടികളിലും ഊന്നിയാണ് പാനൽ ചർച്ച നടന്നത്.

ഇലക്ട്രിക് വാഹനയുഗത്തിൽ മോട്ടോർ വാഹനവകുപ്പും കെ.എസ്.ഇ.ബിയും ഒരുമിച്ച് പ്രവർത്തിക്കേണ്ട രണ്ട് ഘടകങ്ങളാണെന്ന് ചർച്ചയിൽ പൊതു അഭിപ്രായം ഉയർന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട് നൂതനവും സമഗ്രവുമായ നയം ആവശ്യമാണെന്ന് പാനലിസ്റ്റുകൾ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. സ്കൂട്ടറുകളാണ് നിലവിൽ ഏറ്റവും അധികം ഇലക്ട്രിക് സെഗ്മെന്റിൽ വിറ്റുപോകുന്നത്.

ഇലട്രിക് വാഹങ്ങൾ വർദ്ധിക്കുമ്പോൾ ചാർജിംഗ് സംവിധാനങ്ങളും വിപുലമാകണം. കെ.എസ്.ഇ. ബിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം കാര്യക്ഷമമായ ചാർജിംഗ് ശൃംഖല തീർത്തുവരുകയാണ്.ചെറിയ വാഹനങ്ങൾക്ക് സമാനമായി വലിയ വാഹനങ്ങൾ കൂടി ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ടായാൽ കൂടുതൽ പേർ ഇലക്ട്രിക്കിലേക്ക് തിരിയും.

ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിയിൽ നിന്ന് ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതുകൊണ്ട് അന്തരീക്ഷ മലിനീകരണം കുറയില്ല. പാരമ്പര്യേതര ഊർജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ്  യഥാർത്ഥത്തിൽ ചാർജിംഗിനായി ഉപയോഗിക്കേണ്ടതെന്നും ചർച്ചയിൽ വിലയിരുത്തലുണ്ടായി. മറുവശത്ത് സുരക്ഷയുടെ കാര്യവും ഉറപ്പ് വരുത്തേണ്ടതുണ്ട്. ലൈസൻസ് ഇല്ലാതെ ഉപയോഗിക്കാം എന്ന കുറുക്കുവഴിയായി പലരും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സുരക്ഷയ്ക്ക് മുൻതൂക്കം നൽകിമാത്രമേ വാഹനങ്ങൾ തിരഞ്ഞെടുക്കാവൂ എന്നും പാനലിസ്റ്റുകൾ പറഞ്ഞു.

തുറന്ന ആശയവിനിമയത്തിനും സംശയനിവാരണത്തിനുമുള്ള വേദിയായിരുന്നു പാനൽ ചർച്ച. സെന്റർ ഫോർ പബ്ലിക് പോളിസി ആന്റ് റിസർച്ച് ചെയർമാൻ ഡോ. ധനുരാജ് മോഡറേറ്ററായ ചർച്ചയിൽ റീജിയണൽ ട്രാസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ, കൊച്ചി മെട്രോ നഗര ഗതാഗത വിഭാഗം സീനിയർ ഡെപ്യൂട്ടി ജനറൽ മേനേജർ ടി. ജി ഗോകുൽ, ക്ലീൻ സ്മാർട്ട് ബസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബി.ജെ. ആന്റണി, എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി & ട്രാൻസ്‌പോർട്ടേഷൻ ഡയറക്ടർ ആദർശ് കുമാർ ജി. നായർ, എസ്.സി.എം.എസ് കോളേജ് അധ്യാപകനായ ഡോ. മനോജ് കുമാർ, കെ.എസ്.ഇ.ബി.എൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ റെജി കുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് ഷറഫുദ്ദീൻ, ഇ. വി.എം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.