സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയൊരുക്കി എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ വേറിട്ട അനുഭവം നൽകുകയാണ് പൊതുമരാമത്ത് വകുപ്പ്. സർക്കാരിൻ്റെ പ്രധാന വികസന പദ്ധതികളുടെ മാതൃകകൾ ചേർത്തുവച്ച് മേളയിൽ എത്തുന്ന പൊതുജനങ്ങൾക്ക് വികസന പദ്ധതികളുടെ ഒരു ദൃശ്യ ആവിഷ്കാരമാണ് പൊതുമരാമത്ത് വകുപ്പ് ഒരുക്കിയിരിക്കുന്നത്. വളരെ കൗതുകത്തോടെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ വികസന നേർക്കാഴ്ചകൾ വീക്ഷിക്കുന്നുണ്ട്.
ജില്ലയിൽ കാലടിയിൽ നിലവിലുള്ള ശ്രീ ശങ്കരാചാര്യ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിൻ്റെ മാതൃകയാണ് കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നത്. മൂന്ന് വരി ഗതാഗതം സാധ്യമാക്കുന്ന രീതിയിൽ ക്യാരേജ് വേയും, ഇരുവശങ്ങളിലുള്ള നടപ്പാത വരെ കൃത്യമായി ഉൾക്കൊള്ളിച്ചാണ് മാതൃക തയ്യാറാക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ മേളയിലെത്തുന്നവർക്ക് പാലം നിർമ്മാണം പൂർത്തിയായത് കാണുന്ന പ്രതീതിയാണ് ലഭിക്കുന്നത്.
ദേശീയപാത 85 പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിക്കുന്ന ബോഡിമെട്ട് – മൂന്നാർ വരെയുള്ള റോഡിൻ്റെ മാതൃകയും കൗതുകം ഉണർത്തുന്നതാണ്. ഇടുക്കി ജില്ലയുടെ പശ്ചാത്തല ഭംഗിയും കൂടി ഉൾക്കൊള്ളിച്ചാണ് ഈ മാതൃക നിർമ്മിച്ചിരിക്കുന്നത്.
നേര്യമംഗലത്ത് നിർമ്മാണം പൂർത്തിയാക്കിയ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസാണ് അടുത്ത ആകർഷണം. സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, ഡൈനിംങ് ഹാൾ, ലൈബ്രറി, ഓഡിയോ വിഷ്വൽ റൂം, പാർക്കിംഗ് സൗകര്യം എന്നിവയും ഗസ്റ്റ് ഹൗസിന്റെ സവിശേഷതകളും ഒറ്റനോട്ടത്തിൽ മനസ്സിലാവുന്ന രീതിയിലാണ് മാതൃക ഒരുക്കിയിരിക്കുന്നത്.
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വില്ലിംഗ്ടൺ ഐലൻഡിലെ കോസ്റ്റൽ പോലീസ് മന്ദിരത്തിന്റെ മാതൃകയും ഒരുക്കിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയായ കോസ്റ്റൽ പോലീസ് മന്ദിരം കാണുന്ന രീതിയിൽ കെട്ടിടത്തിന്റെ സവിശേഷതകളും ഉൾപ്പെടുത്തി ലൈറ്റിംങ് സജ്ജീകരണങ്ങളോടുകൂടിയാണ് മാതൃക ഒരുക്കിയിരിക്കുന്നത്.
വികസന പ്രവർത്തനങ്ങളുടെ മാതൃകകൾ കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളിലെ ദൃശ്യാവിഷ്കാരം എൽ.ഇ.ഡി പ്രൊജക്ടിന്റെ സഹായത്തോടെ മേളയിൽ ഒരുക്കിയിട്ടുണ്ട്. പ്രധാന പദ്ധതികൾ ഏതെല്ലാം, അത് ജനങ്ങൾക്ക് ഏതെല്ലാം രീതിയിൽ പ്രയോജനപ്പെടുന്നു എന്ന് ഇതിലൂടെ അറിയാനും കാണാനും സാധിക്കും.