*മണിമല, തോട്ടയ്ക്കാട്, ചെത്തിപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയതു

*പട്ടയവുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ മേയ് മുതൽ
എല്ലാ നിയോജകമണ്ഡലത്തിലും യോഗങ്ങൾ

പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പട്ടയമിഷൻ രൂപീകരിക്കുമെന്നും ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഏപ്രിൽ 25ന് കോട്ടയത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. മണിമല സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോട്ടയ്ക്കാട്, ചെത്തിപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടേയും ഉദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു.
അർഹരായ മുഴുവൻപേരെയും ഭൂമിയുടെ അവകാശികളാക്കാനാണ് പട്ടയമിഷന് സർക്കാർ രൂപം നൽകുന്നതെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ കൈയിലുള്ള ഭൂമി വിട്ടുകൊടുത്തുകൊണ്ട് റവന്യൂവകുപ്പിന് പട്ടയം നൽകാൻ കഴിയുന്ന കാര്യങ്ങൾ ഉൾപ്പെടെ നടപ്പാക്കും. റവന്യൂവകുപ്പിന് പട്ടയം കൊടുക്കാൻ തടസം നിൽക്കുന്ന എല്ലാ സാങ്കേതികതടസങ്ങളും പരിഹരിച്ചുകൊണ്ട് അർഹരായവർക്കു പട്ടയം കൊടുക്കും.

നിയോജകമണ്ഡലം തലത്തിൽ എം.എൽ.എമാരുടെ സാന്നിധ്യത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ഓരോയിടത്തും ഉള്ള പ്രത്യേക ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള പരിപാടി മേയ് മാസം മുതൽ ആരംഭിക്കും. പ്രശ്‌നങ്ങൾ എല്ലാം കണ്ടെത്തി രേഖയാക്കി പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തും. തഹസീൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഈ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ആയി പ്രവർത്തിക്കും.

റവന്യൂവകുപ്പിന്റെ പ്രവർത്തനങ്ങൾക്കു വേഗം കൂട്ടാൻ ഡിജിറ്റൈലെസേഷൻ ആണ് പ്രധാനമാർഗം. നവംബർ ഒന്നോടു കൂടി സംസ്ഥാനത്തെ മുഴുവൻ റവന്യൂ ഓഫീസുകളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മണിമല വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മണിമല ഗാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി സൈമൺ, തഹസിൽദാർ ബെന്നി മാത്യു, വൈസ് പ്രസിഡന്റ് അതുല്യദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ് എമേഴ്‌സൺ, ജയശ്രീ ഗോപിദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിനോയ് വർഗീസ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

തോട്ടയ്ക്കാടു വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അധ്യക്ഷയായിരുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, മാടപള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, ജില്ലാ പഞ്ചായത്തംഗങ്ങളായ നിബു ജോൺ, സുധ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീന കുന്നത്ത്, സൈന തോമസ്, വാകത്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പോൾ, ഗ്രാമപഞ്ചായത്തംഗം ഗിരിജ പ്രകാശ് ചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ഫ്രാൻസിസ് ബി സാവിയോ, ചങ്ങനാശേരി തഹസീൽദാർ ടി.ഐ. വിജയസേനൻ, സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനീയർ ടോമിച്ചൻ കെ ജോസഫ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ടി. ബൈജു , ജോഷി ഫിലിപ്പ്, ജേക്കബ്ബ് തെക്കനാട്ട് , സിബി പാറപ്പ, സാജു എം ഫിലിപ്പ്, എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
റീബിൽഡ് കേരള ഇനീഷിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ടോമി
സി വാടയിൽ സൗജന്യമായി നൽകിയ ഏഴ് സെന്റ് സ്ഥലത്താണ് പുതിയ വില്ലേജ് ഓഫീസ് പണിതത്. ടോമി സി വാടയിലിനെ കളക്ടർ ഡോ. പി .കെ ജയശ്രീ ഉദ്ഘാടന ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. 44 ലക്ഷം രൂപ ചിലവിൽ 1500 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിതി കേന്ദ്രമാണ് വില്ലേജ് ഓഫീസ് പണി കഴിപ്പിച്ചത്. സേവനങ്ങൾക്കായി എത്തുന്നവർക്ക് ഫ്രണ്ട് ഓഫീസ്, വിശ്രമ മുറി, രണ്ടു ശുചിമുറികൾ, ജോലിക്കാർക്കായി ക്യാബിനുകൾ, റെക്കോഡ് റൂം, ജീവനക്കാർക്കായി രണ്ട് ശുചിമുറി എന്നീ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്.

ഠ ചെത്തിപ്പുഴ പഴയ വില്ലേജ് ഓഫിസിനോട് ചേർന്ന് 44 ലക്ഷം രൂപ ചെലവിട്ട് 1300 ചതുരശ്ര അടിയലാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ചെത്തിപ്പുഴ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ജില്ലാ കളക്ടർ ഡോക്ടർ പി.കെ. ജയശ്രീ, സബ് കളക്ടർ സഫ്‌നാ നസറുദീൻ, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം സുധാ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്തുക്കുട്ടി പ്ലാത്താനം, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു മൂലയിൽ, ഗ്രാമപഞ്ചായത്തംഗം സണ്ണി ചങ്ങങ്കേരി, ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ബി സാവിയോ, ചങ്ങനാശ്ശേരി തഹസിൽദാർ ടി ഐ വിജയസേനൻ, പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി ശ്രീലേഖ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സെബാസ്റ്റ്യൻ ആൻറണി മാറാട്ടുകളം, ടോണി മാത്യു, മനോജ് വർഗീസ്, കുര്യാക്കോസ് പുന്നവേലിൽ, അഭിലാഷ് വർഗീസ്, താജുദ്ദീൻ താജ്, ലിനു ജോബ്, അജി അരശ്ശേരി, ജോൺ മാത്യു മൂലയിൽ , പ്രദീപ് കുന്നക്കാടൻ എന്നിവർ പങ്കെടുത്തു.