കടകൾ കയറിയിറങ്ങിയും ഓൺലൈൻ സൈറ്റുകളിൽ മണിക്കൂറുകൾ ചെലവഴിച്ചിട്ടും മനസിനിണങ്ങിയ ഫോൺ കവർ കിട്ടിയില്ലേ…? ഇഷ്ടപെടുന്ന നിറത്തിലും ഭംഗിയിലും വീട്ടിൽ തന്നെ ഫോൺ കവറുകൾ ഉണ്ടാക്കാവുന്ന സാധ്യതകളിലേക്ക് വഴിതുറക്കുകയാണ് 3ഡി പ്രിന്ററുകൾ. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റ സ്റ്റാളിലാണ് ഭാവിയിൽ സജീവ സാധ്യതകളിലേക്ക് ഉയർന്നുവരുന്ന 3ഡി പ്രിന്ററുകൾ ശ്രദ്ധ നേടുന്നത്.

കളമശേരി പോളിടെക്‌നിക് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ അവതരിപ്പിച്ചിരിക്കുന്ന 3ഡി പ്രിന്ററിൽ ഫോൺ കവറുകൾ മുതൽ കുട്ടികൾക്ക് ഇഷ്ടപെടുന്ന രൂപഭംഗിയിൽ കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ വരെ നിർമ്മിച്ചെടുക്കാം. 20000 രൂപ വില വരുന്ന ആൽഫവൈസ് യു 30 എന്ന മോഡൽ പ്രിന്ററുകളാണ് മേളയിൽ സന്ദർശകർക്കായി വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന പ്രിന്ററുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഫ്യൂഷൻ 360, സ്ക്രാച്ച് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് രൂപപ്പെടുത്തുന്ന മോഡലുകൾ സ്ലൈസ് ചെയ്തു മെമ്മറി കാർഡിലാക്കാം. തുടർന്ന് അഡാപ്റ്ററുകൾ ഉപയോഗിച്ച് പ്രിന്ററിലേക്ക് കണക്ഷൻ കൊടുത്താൽ മനസിൽ കണ്ട ഡിസൈനുകൾ കൺമുന്നിൽ പ്രത്യക്ഷപ്പെടും.

ഭാവിയിൽ അനന്ത സാധ്യതകളുള്ള പ്രിന്ററുകൾ ഇന്ന് പ്രൊഫഷണൽ ആയും കൺസ്ട്രക്ഷൻ ബിസിനസ്‌ മേഖലയിലും മാത്രമാണ് ഉപയോഗിക്കുന്നത്. മനുഷ്യന്റെ ക്രിയാത്മകതയെ സ്വാധീനിക്കുന്ന ത്രീ ഡി പ്രിന്ററുകൾ വരും തലമുറയിൽ സജീവ ഉപയോഗത്തിലേക്കാണ് വഴിതുറക്കുന്നത്.