എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയോടനുബന്ധിച്ച് സാമൂഹികാധിഷ്ഠിത ദുരന്ത ലഘൂകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച സെമിനാർ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ കുട്ടികളിൽ നിന്ന് തന്നെ ആരംഭിക്കുന്നതിനുള്ള ഭാവനാ സമ്പന്നമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇതിന് പ്രത്യേക പരിഗണന നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മുഴുവൻ മനുഷ്യരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനം. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിർത്തേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന കടലാക്രമണം തടയാനും ദ്വീപുകൾ സമുദ്രത്തിൽ പതിക്കുന്നതും തീരശോഷണവും ഒഴിവാക്കാനും ചുഴലിക്കാറ്റുകളെ എങ്ങനെ നേരിടണമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സാമൂഹിക സന്നദ്ധ സേനയുടെ ജില്ലാ തല രൂപീകരണ പ്രഖ്യാപനം നടത്തി. സെമിനാറിനോട് അനുബന്ധിച്ച് കാലാവസ്ഥാ വ്യതിയാനവും സാമൂഹിക ആഘാതവും എന്ന വിഷയത്തിൽ കൊച്ചി സർവകലാശാല റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം.ജി മനോജും ദുരന്തനിവാരണം പ്രാദേശിക തലത്തിൽ എന്ന വിഷയത്തിൽ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസും ദുരന്ത മേഖലയിലെ അതിജീവന സാധ്യതകൾ എന്ന വിഷയത്തിൽ കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ കോ-ഓഡിനേറ്റർ എം.പി. ഷാജൻ എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദു മോൾ, ഇന്റർ ഏജൻസി ഗ്രൂപ്പ് കൺവീനർ ടി.ആര്‍. വാസുദേവൻ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വർ തുടങ്ങിയവർ സംസാരിച്ചു.