പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഭാ​ഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ഫാമിലി പാസ് വിതരണം ചെയ്തു. പാസിന്റെ പഞ്ചായത്ത്തല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ നിർവഹിച്ചു. എ.ഡി.എസ് സെക്രട്ടറി സതി ബാബു പ്രസിഡന്റിൽ നിന്നും പാസ് ഏറ്റുവാങ്ങി.

ഏപ്രിൽ 23 മുതൽ മെയ് ഏഴ് വരെ പെരുവണ്ണാമൂഴി ഡാം പരിസരത്താണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, കാർണിവൽ, എക്‌സ്പോ, ജലോത്സവം, പുഷ്പമേള, ബോട്ടിംഗ്, ഇക്കോ ടൂറിസം പവലിയൻ, വനയാത്ര ഉൾപ്പെടെ വിവിധങ്ങളായ പരിപാടികളാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പത്താം വാർഡിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ എ.ജി രാജൻ, സുവനീർ കമ്മറ്റി കൺവീനർ സുധീഷ് മുതുകാട്, കെ.എസ് സാനി, ഷീന കുഞ്ഞോത്തകര, ടി.കെ സുനിത, എ.ഡി.എസ് അംഗം രജിത ഷിജി എന്നിവർ സംബന്ധിച്ചു.