നവീകരിച്ച തട്ടേക്കാട് – കുട്ടമ്പുഴ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

കോതമംഗലത്തിന്റെ വികസനത്തിന് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോതമംഗലം – പെരിമ്പന്‍കുത്ത് റോഡിന്റെ നവീകരിച്ച തട്ടേക്കാട് മുതല്‍ കുട്ടമ്പുഴ വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക നിലവാരത്തില്‍ നവീകരിച്ച ഈ റോഡ് കോതമംഗലം മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും ടൂറിസം സാധ്യതകള്‍ കൂടി ഇതുവഴി വിപുലമാകുകയാണെന്നും മന്ത്രി പറഞ്ഞു.

മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ കാര്‍ഷിക മേഖലയും വിനോദ സഞ്ചാര മേഖലയും ഒരുപോലെ അഭിവൃദ്ധിപ്പെടും. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശമായ കോതമംഗലത്തും സമഗ്ര മാറ്റമാണ് സംഭവിക്കുക. ഇത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും ജനങ്ങളും ഒരേ മനസോടെ സഹകരിക്കണം.

ആലുവ-മൂന്നാര്‍ രാജ പാത സംബന്ധിച്ച് നിരവധി നിവേദനങ്ങളും പരാതികളും സര്‍ക്കാരിന് മുന്‍പില്‍ വന്നിട്ടുണ്ട്. രാജ പാത തുറന്ന് നല്‍കണം എന്നത് ഒരു നാടിന്റെ ആവശ്യമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിന് അനുഭാവ പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കോതമംഗലം – പെരിമ്പന്‍കുത്ത് റോഡില്‍ തട്ടേക്കാട് മുതല്‍ കുട്ടമ്പുഴ വരെ 7.2 കിലോമീറ്റര്‍ ദൂരം 9 മീറ്റര്‍ വീതിയില്‍ ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്ന് 21.315 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളുമെല്ലാം റോഡില്‍ ക്രമീകരിച്ചിട്ടുണ്ട്.

കുട്ടമ്പുഴ ജംഗ്ഷനില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, കോതമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.കെ ടോമി, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ഗോപി, യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ഇ. കെ ശിവന്‍, വാര്‍ഡ് മെമ്പര്‍മാരായ ആലീസ് സിബി, ഷീല രാജീവ്, പൊതുമരാമത്ത് നിരത്ത് വിഭാഗം
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്ധു പോള്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.പി സിന്റോ, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.എസ് അരുണ്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.