മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ എം.എസ്.എം.ഇകളിൽ 1000 സംരംഭങ്ങൾ തെരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ ‘മിഷൻ 1000’പദ്ധതിക്ക് തുടക്കമായി. എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർ പങ്കെടുത്തു.
ഒരു വർഷത്തിനുള്ളിൽ 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് പുതിയ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായാണ് ‘മിഷൻ1000’ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. വീണ്ടും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭക വർഷം 2.0 ഉൾപ്പെടെ നാല് പദ്ധതികൾക്കാണ് തുടക്കമായത്.
തെരഞ്ഞെടുത്ത 1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി നാലു വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘എം.എസ്.എം ഇ സ്കെയിൽ അപ്പ് മിഷൻ – മിഷൻ 1000’. നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതകളുള്ള എം.എസ്.എം.ഇകളെ സുതാര്യമായ തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ സ്കെയിൽ അപ്പ് സ്കീമിനായി തെരഞ്ഞെടുക്കും. സ്കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റുകൾക്ക് സർക്കാർ പിന്തുണ നൽകും. മൂലധന നിക്ഷേപ സബ്സിഡി, പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്സിഡി, ടെക്നോളജി നവീകരണത്തിന് സഹായം, ഗുണനിലവാര സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സഹായം തുടങ്ങിയവ ഉറപ്പു വരുത്തും. വ്യവസായവകുപ്പിൻ്റെ എല്ലാ പദ്ധതികളിലും ഈ യൂണിറ്റുകൾക്ക് മുൻഗണനയും നൽകും.
2023-24 സാമ്പത്തിക വർഷത്തിലും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘സംരംഭക വർഷം 2.0. ബോട്ടം-അപ്പ് പ്ലാനിങ്ങിലൂടെയായിരിക്കും ഇത്തവണ ജില്ല തിരിച്ച് സംരംഭങ്ങളുടെ എണ്ണം നിശ്ചയിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെ പൊതുബോധവൽക്കരണവും തുടർന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വായ്പാ-ലൈസൻസ്-സബ്സിഡി മേളകളും സംഘടിപ്പിക്കും. മെൻ്ററിങ്ങ് സിസ്റ്റത്തിൽ എല്ലാ എം.എസ്.എം.ഇകളെയും രജിസ്റ്റർ ചെയ്ത് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കും. നെറ്റ് വർക്കിങ്ങ് പോർട്ടലും പുതിയ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.കഴിഞ്ഞ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 1,39,840 സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായി ആരംഭിക്കുന്ന പദ്ധതിയാണ് ‘എം.എസ്.എം.ഇ സുസ്ഥിരതാ പദ്ധതി’. എം.എസ്.എം.ഇകളുടെ അടച്ചുപൂട്ടൽ നിരക്ക് കുറക്കുന്നതിനും പുതിയ എം.എസ്.എം.ഇകളുടെ വിറ്റുവരവിൽ 5% വളർച്ചാ നിരക്ക് ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി എം.എസ്.എം.ഇ പെർഫോമൻസ് മോണിറ്ററിങ്ങിനായി ഓട്ടോമേറ്റഡ് സിസ്റ്റം കൊണ്ടുവരുന്നതിനൊപ്പം എം.എസ്.എം.ഇകൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതല നെറ്റ്വർക്കിങ്ങ് ക്ലസ്റ്ററും സൃഷ്ടിക്കും. പ്രത്യേക ഇൻസൻ്റീവുകളും ഈ പദ്ധതിയിലൂടെ എം.എസ്.എം.ഇകൾക്ക് ലഭ്യമാക്കും.
നിലവിൽ പ്രവർത്തിക്കുന്ന എം എസ് എം ഇ സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായവകുപ്പ് പ്രത്യേക യൂട്യൂബ് ചാനൽ വികസിപ്പിച്ചിട്ടുണ്ട്. ഈ ചാനലിലൂടെ സംരംഭകരുടെ ഉൽപന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫീ വീഡിയോകൾ ജനങ്ങളിലെത്തിക്കും. ചാനലിൻ്റെ പ്രമോഷൻ വ്യവസായവകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുകയും അതുവഴി സംരംഭകരുടെ വിപണനം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
സെൽഫീ വീഡിയോ ചാനലിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.500 സംരംഭകർ പങ്കെടുത്ത ചടങ്ങിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, വ്യവസായ-വാണിജ്യ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.