കണ്ണൂരിൽ ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന് തുടക്കമായി
പലരും അസാധ്യമെന്ന് പറഞ്ഞ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഏപ്രിൽ 11 മുതൽ 17 കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളും അതിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പിണറായി സർക്കാരിന്റെ ഭരണകാലം കേരളത്തിന്റെ വികസന ചരിത്രത്തിൽ നിർണായകമായ കാലഘട്ടമാണ്. ഇനി കേരളം വളരില്ലെന്നും പിറകോട്ട് പോകുമെന്നും പറഞ്ഞവർക്ക് തന്നെ അത് തിരുത്തി പറയേണ്ടിവന്നു. ഒരു ഭാഗത്ത് വികസന പ്രവർത്തനങ്ങൾ നല്ലതു പോലെ നടത്തിയപ്പോൾ മറുഭാഗത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടു. സാമൂഹ്യക്ഷേമ മേഖലകളിൽ നിന്നും മാറി നിൽക്കുകയെന്ന നയം ലോകം തന്നെ മുന്നോട്ട് വെക്കുമ്പോഴും പാവപ്പെട്ടവന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനാണ് കേരള സർക്കാർ ശ്രമിച്ചത്. ഏല്ലാ മേഖലയിലും കേരളം ഇന്ന് മാതൃകയാണ്.
കേന്ദ്ര സർക്കാരിന്റെ സർവ്വേ പ്രകാരം ലോകം വലിയ രീതിയിലുള്ള ദാരിദ്ര്യത്തിലേക്ക് പോവുകയാണ്. ലോകത്ത് വിശപ്പ് വർധിക്കാൻ സാധ്യതയുണ്ടെന്ന കാര്യം ലോക ഭക്ഷ്യ ഉച്ചകോടിയിലും ചർച്ചയായി. 35 കോടി ജനതയാണ് ഇന്ത്യയിൽ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്. എന്നാൽ കേരളത്തിൽ 0.7 ശതമാനം അതിദരിദ്രർ മാത്രമാണുള്ളത്. 64006 പേരുടെ ജീവിതം കൂടി മെച്ചപ്പെടുത്തിയാൽ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.

സഹായം നൽകേണ്ടവർ സാമ്പത്തികമായി ഏറെ ഞെരിക്കുന്ന ഘട്ടത്തിലാണ് ഇത്രയും പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാനത്തിന്റെ കുതിപ്പ് തടയാൻ രാഷ്ട്രീയമായും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ശ്രമം നടത്തുന്നു.അർഹതയുള്ള ഫണ്ടുകൾ കൂടി ബന്ധപ്പെട്ടവർ കൃത്യമായി നൽകിയാൽ ഇനിയും ഏറെ നമുക്ക് മുന്നേറാനാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാറിന്റെ വികസന വീഡിയോ സ്വിച്ച് ഓൺ ചെയ്തായിരുന്നു ഉദ്ഘാടനം. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ കണ്ണൂർ ഗസറ്റ് പ്രത്യേക പതിപ്പിന്റെ പ്രകാശനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എക്ക് നൽകി മന്ത്രി നിർവ്വഹിച്ചു. ചടങ്ങിന് ശേഷം മന്ത്രി കെ രാധാകൃഷ്ണൻ പവലിയനിലെത്തി നാട മുറിച്ച് എക്‌സിബിഷൻ തുറന്നുകൊടുത്തു.
ഉദ്ഘാടന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. എം പിമാരായ ഡോ. വി ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ് എന്നിവർ മുഖ്യാതിഥികളായി. എം എൽ എമാരായ കെ കെ ശൈലജ ടീച്ചർ, കെ പി മോഹനൻ, എം വിജിൻ, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഘശ്രീ, അസി. കലക്ടർ മിസൽ സാഗർ ഭരത്, തലശ്ശേരി സബ്കലക്ടർ സന്ദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സി എം കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ശ്രീധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആൽമരം ബാൻഡിന്റെ മ്യൂസിക് ഷോ അരങ്ങേറി.

ഏപ്രിൽ 12 ബുധനാഴ്ച വൈകീട്ട് 4.30ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ദഫ്മുട്ടും അൽമുബാറക് കോൽക്കളി സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിലുള്ള കോൽക്കളിയും രാത്രി ഏഴ് മണിക്ക് കൊച്ചിൻ ആരോസിന്റെ അക്രോബാറ്റിക് ഡാൻസ് ഷോയും അരങ്ങേറും. എക്സിബിഷൻ വേദിയിൽ ഏപ്രിൽ 12ന് രാവിലെ 11 മണിക്ക് ഡിജിറ്റൽ ബാങ്കിങ്ങ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഓൺലൈൻ ബാങ്കിങ്ങ്, എടിഎം ഉപയോഗം, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവയെക്കുറിച്ചും ക്ലാസിൽ വിശദീകരിക്കും. കനറാ ബാങ്ക് ഡിജിറ്റൽ സർവ്വീസ് സെക്ഷൻ മാനേജർ ഇ സജിൻ വിജയൻ ക്ലാസെടുക്കും. എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഏപ്രിൽ 13 ഉച്ചക്ക് രണ്ട് മണിക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടക്കും.