ആധുനിക സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും പോലീസ് സേനയുടെ മുഖഛായ തന്നെ മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 2.65 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ചെങ്ങന്നൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ, ചെങ്ങന്നൂരിൽ നടപ്പാക്കിവരുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം, 38.88 കോടി രൂപ ചെലവഴിച്ച് മുളക്കുഴ പഞ്ചായത്തിൽ നിർമ്മിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള പോലീസിൽ ഉന്നതബിരുദധാരികൾ കൂടുതലായി കടന്നുവരുന്നു. ഇത് സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്. ചെങ്ങന്നൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി ഒന്നര ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റാണ് പൂർത്തിയായിട്ടുള്ളത്. കിഫ്ബിൽ നിന്നും 199 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി സഹകരിച്ച് എല്ലാവർക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പക്കാരുടെ ന്യൂജെൻ വാഹനങ്ങളും ഡ്രൈവിങ് ശൈലിയും വരുത്തിവെക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് കാര്യമായ ശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ചെങ്ങന്നൂർ നഗരസഭ അധ്യക്ഷ സൂസമ്മ എബ്രഹാം, സംസ്ഥാന സിവിൽ ഡിഫൻസ് ഫയർഫോഴ്സ് ഡയറക്ടർ ജനറൽ ബി. സന്ധ്യ, ജില്ലാ കലക്ടർ ഹരിത വി. കുമാർ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പുഷ്പലത മധു, മുളംകുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മാകരൻ, ആല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. മുരളീധരൻ പിള്ള, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോൾ, പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ, ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡഡന്റ് പ്രസന്ന രമേശൻ, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു ജേക്കബ്, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സജൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വത്സല മോഹൻ തുടങ്ങിയവർ സംസാരിച്ചു.