സപ്ലൈകോയുടെ വിഷു –റംസാൻ ഫെയറുകൾക്ക് തുടക്കമായി. എറണാകുളം ജില്ലാ ഫെയർ, നഗരസഭ കൗൺസിലർ ബിന്ദു ശിവൻ സപ്ലൈകോ ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റിൽ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പനയും ബിന്ദു ശിവൻ നിർവഹിച്ചു. ചടങ്ങിൽ സപ്ലൈകോ എറണാകുളം അസിസ്റ്റൻറ് റീജണൽ മാനേജർ സി. ജയഹരി അധ്യക്ഷനായിരുന്നു. ജൂനിയർ മാനേജർ അനിത, സപ്ലൈകോ ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ ഫെയറിന് പുറമേ ആറിടത്ത് താലൂക്ക് ഫെയറുകളും സപ്ലൈകോ സംഘടിപ്പിക്കുന്നുണ്ട്. താലൂക്ക് ഫെയറിന്റെ ഉദ്ഘാടനം കരുവേലിപ്പടി ചുള്ളിക്കൽ പീപ്പിൾസ് ബസാറിൽ കെ ജെ. മാക്സി എംഎൽഎ നിർവഹിച്ചു.

വിഷു– റംസാൻ ഫെയറിലൂടെ വിലക്കുറവിൽ സാധനങ്ങൾ വിൽക്കുന്നത് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. സംസ്ഥാന സർക്കാരിൻറെ താൽപര്യങ്ങളെ വളരെ ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്ന സപ്ലൈകോയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു . ചടങ്ങിൽ കൗൺസിലർമാരായ ബാസ്റ്റിൻ ബാബു, എം. ഹബീബുള്ള, സപ്ലൈകോ ഡിപ്പോ മാനേജർ മറീന ജോൺ തുടങ്ങിയവർ പങ്കെടുത്തു.

അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം സൂപ്പർമാർക്കറ്റുകളിലും, പിറവം ഹൈപ്പർ മാർക്കറ്റിലും, ചുള്ളിക്കൽ , നോർത്ത് പറവൂർ എന്നിവിടങ്ങളിലെ പീപ്പിൾസ് ബസാറിലുമാണ് താലൂക്ക് ഫെയറുകൾ സംഘടിപ്പിക്കുന്നത്.

ജില്ലാതല/താലൂക്ക്തല വിഷു-റംസാൻ ഫെയറുകളിൽ നിലവിൽ സപ്ലൈകോ വിൽപ്പന നടത്തി വരുന്ന സബ്സിഡി, സബ്സിഡി ഇതര നിരക്കുകൾ പ്രകാരമുളള സാധനങ്ങൾ ലഭ്യമാക്കും. ഇതിനുപുറമേ ഈ ഫെയറുകളിൽ അരി, പഞ്ചസാര എന്നീ ഇനങ്ങൾക്കും തെരഞ്ഞെടുക്കപ്പെട്ട എഫ്.എം.സി.ജി. ഇനങ്ങൾക്കും തെരഞ്ഞെടുക്കപ്പെട്ട ശബരി ഇനങ്ങൾക്കും പ്രത്യേകം ഡിസ്ക്കൗണ്ട്/ഓഫർ ലഭ്യമാക്കും . വിഷു –റംസാൻ ഫെയറുകൾ ഏപ്രിൽ 21 വരെ നീണ്ടുനിൽക്കും.