ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഏപ്രിൽ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സെന്റർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. നിരവധി രോഗികൾ ആശ്രയിക്കുന്ന പൊന്നാനി ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി.
നിലവിൽ സ്ഥലപരിമിതിയുള്ള കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ സ്ഥലസൗകര്യം ഒരുക്കുന്ന തരത്തിലാണ് ക്രമീകരണ പ്രവൃത്തികൾ നടത്തിയത്. ആശുപത്രി ലാബ്, ഫാർമസി, പ്രവേശന കവാടം എന്നിവ ക്രമീകരിച്ചു. നാഷണൽ ഹെൽത്ത് മിഷന്റെ 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നവീകരണവും ക്രമീകരണ പ്രവർത്തനങ്ങളും നടത്തിയത്. കൂടാതെ ആശുപത്രിയോട് ചേർന്നുള്ള പി.ഡബ്ല്യു.ഡി സ്ഥലത്ത് പാർക്കിങ് സൗകര്യമൊരുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മാസങ്ങൾക്ക് മുമ്പ് തന്നെ സായാഹ്ന ഒ.പി ആരംഭിച്ചിരുന്നു. ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തുന്നതോടെ അധിക ഡോക്ടർമാരെയും സ്റ്റാഫ് നഴ്‌സിനേയും നിയമിക്കും.