ആർദ്രം മിഷനിലൂടെ സർക്കാർ ആശുപത്രികളിൽ രോഗീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ ചെലവിൽ കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മികച്ച ആരോഗ്യപരിരക്ഷ തുടർന്നും ഉറപ്പാക്കും. കേരളത്തിലെ ആരോഗ്യ മേഖലയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിൽ ഓൺലൈൻ സേവനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി ബി മലയിൽ, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അനു എം എസ്, മെഡിക്കൽ ഓഫീസർ കെ ശോഭ, സ്ഥിരം സമിതി അധ്യക്ഷർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.