നവീകരിച്ച സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാൾ മന്ത്രി ഉദ്ഘാടനം ചെയ്തു
കേരളത്തിന്റെ സാമൂഹിക പുരോഗതിയിലെ ഒരു നാഴികക്കല്ലാണ് സാക്ഷരതാ പ്രസ്ഥാനമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 1991 ഏപ്രിൽ 18 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിന്റെ ഭാഗമായി
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എന്തിനും വ്യത്യസ്ത അഭിപ്രായങ്ങളുള്ള നമ്മുടെ നാട്ടിൽ കേരളത്തിന്റെ സാക്ഷരത നേട്ടത്തെ കുറിച്ച് ഒറ്റ അഭിപ്രായം മാത്രമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ മുഴുവൻ പിന്തുണയും സാക്ഷരതാ പ്രസ്ഥാനത്തിന് ലഭിച്ചുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. മുൻകാല സാക്ഷരതാ പ്രവർത്തകർക്ക് ചടങ്ങിൽ മന്ത്രി മൊമന്റോ സമ്മാനിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ആർദ്ര’ പുരസ്‌കാരം നേടിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിന് മന്ത്രി ഉപഹാരം നൽകി.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ മുൻകാല സാക്ഷരതാ പ്രവർത്തകരായ പയ്യന്നൂർ കുഞ്ഞിരാമൻ, വി ആർ വി ഏഴോം, പ്രൊഫ. കെ ശ്രീധരൻ, കെ നാരായണൻ നമ്പൂതിരി, എന്നിവരെ പി ടി എ റഹീം എം എൽ എ ആദരിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ വി പി ജമീല, നോഡൽ പ്രേരക പ്രതിനിധി കെ പി അശോകൻ, സി ഇ സി പ്രേരക് പ്രതിനിധി ഗിരീഷ് ആമ്പ്ര, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങൾ, ജില്ലാ കോർഡിനേറ്റർമാർ, ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർമാർ, പ്രേരക്മാർ, തുല്യതാ പഠിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത് കുമാർ സ്വാഗതവും അസിസ്റ്റന്റ് കോർഡിനേറ്റർ പി വി ശാസ്തപ്രസാദ് നന്ദിയും പറഞ്ഞു.