ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ്

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 24ന് രാവിലെ 11 മണി മുതൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലാണ് ക്യാമ്പ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി എന്നീ താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ ക്ഷേമനിധിയിൽ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം നിർബന്ധമായും അടക്കേണ്ടതാണ്.
ക്ഷേത്രജീവനക്കാർക്ക് ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷയും ഈ അവസരത്തിൽ സമർപ്പിക്കാം. അംഗത്വ അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്ന രേഖ, ശമ്പളപട്ടികയുടെ പകർപ്പ് എന്നിവ ഉൾപ്പെടുത്തണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം യ്ക്കുന്നതിന് ശമ്പളപട്ടികയുടെ പകർപ്പ് ഹാജരാക്കണം. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം  അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ

കണ്ണൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ഹ്രസ്വകാല ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്കറി, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ്, ഹൗസ് കീപ്പിങ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയ കോഴ്‌സുകളിൽ സ്ത്രീകൾക്ക് മാത്രമാണ് പരിശീലനം. മിനിമം യോഗ്യത പത്താം ക്ലാസ് പാസ്. പ്രായപരിധി 18 വയസ്സ്. അപേക്ഷാഫോം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ലഭിക്കും. അപേക്ഷ മെയ് അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂർ-1 എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0497 2706904, 2933904, 9895880075.

സീറ്റൊഴിവ്

സി-ഡിറ്റ് സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെ ഉള്ളവർക്കാണ് അവസരം. ജാവ, പി എച്ച് പി, പൈതൺ, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, റോബോട്ടിക്‌സ് തുടങ്ങിയ കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും, സ്‌കൂൾ ബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവ് കാട്ടുന്ന വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും. കൂടുതൽ വിവരങ്ങൾ www.tet.cdit.org ൽ ലഭിക്കും. ഫോൺ: 0471 2322100/2321360.

സിവിൽ എക്‌സൈസ് ഓഫീസർ: കായികക്ഷമതാ പരീക്ഷ

ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയുടെ (നേരിട്ടുള്ള നിയമനം-538/2019) തെരഞ്ഞെടുപ്പിനായി ഫെബ്രുവരി 16ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 25, 26 തീയതികളിൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ കായികക്ഷമതാ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കമ്മീഷൻ നിർദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിൽ ഫയർ ആന്റ് റസ്‌ക്യൂ വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 മാർച്ച് 13ന് നടത്തിയ  ഒ എം ആർ ടെസ്റ്റിന്റെയും 2023 ജനുവരി 18, 19 തീയതികളിൽ നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയുടെയും മാർച്ച് 10 ന് നടത്തിയ നീന്തൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: രണ്ടാംഘട്ട രജിസ്ട്രേഷൻ തുടങ്ങി

തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2023-24 വർഷത്തെ എട്ടാം ക്ലാസ് രണ്ടാം ഘട്ട പ്രവേശനത്തിന് ഏപ്രിൽ 26 വരെ അപേക്ഷിക്കാം.  ഇപ്പോൾ ഏഴാം ക്ലാസ് പരീക്ഷ എഴുതിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 9400006494, 9446973178, 9961488477.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂർ അംശം ദേശത്തെ പ്രൊ സ. 2648ൽ പെട്ട 0.0202 ഹെക്ടർ സ്ഥലവും അതിൽപ്പെട്ട സകലതും, പ്രൊ സ. 880ൽ പെട്ട 0.1862 ഹെക്ടർ ഭൂമിയുടെ ഭാഗിക്കാത്ത 1/7 അവകാശവും അതിൽപ്പെട്ട സകലതും ഏപ്രിൽ 24ന് രാവിലെ 11.30ന് കൊട്ടിയൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും കൊട്ടിയൂർ വില്ലേജ് ഓഫീസിലും ലഭിക്കും.
അയ്യൻകുന്ന് അംശം ദേശത്തെ പ്രൊ സ. 852/120ൽ പെട്ട 0.0401 ഹെക്ടർ സ്ഥലവും അതിൽപ്പെട്ട സകലതും ഏപ്രിൽ 25ന് രാവിലെ 11.30ന് അയ്യൻകുന്ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും അയ്യൻകുന്ന് വില്ലേജ് ഓഫീസിലും ലഭിക്കും.

വൈദ്യുതി മുടങ്ങും

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ  കാളാംതോട് ഭാഗങ്ങളിൽ ഏപ്രിൽ 20 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ ചെട്ടിപ്പീടിക  ട്രാൻസ്‌ഫോർമർ  പരിധിയിൽ  ഏപ്രിൽ 20 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.