ഏപ്രില്‍ 24 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയുടെ മുന്നോടിയായി ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ശേഷംമൂന്നിന് കല്‍പ്പറ്റയില്‍ വിളംബരജാഥ നടക്കും. എസ്.കെ.എം.ജെ സ്‌കൂള്‍
പരിസരത്ത് നിന്നാരംഭിക്കുന്ന വര്‍ണ്ണശബളമായ വിളംബരജാഥ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്യും. ശിങ്കാരിമേളം, നാടന്‍ കലാരൂപങ്ങള്‍, വാദ്യഘോഷങ്ങള്‍ തുടങ്ങിയവ വിളംബരജാഥയ്ക്ക് ചാരുതയേകും. ജനപ്രതിനിധികള്‍, ജീവനക്കാര്‍, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ്, എന്‍.സി.സി വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വജ്രജൂബിലി കലാകാരന്‍മാര്‍ തുടങ്ങിയവര്‍ അണിനിരക്കും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വിളംബരജാഥ സമാപിക്കും. തുടര്‍ന്ന് ‘എന്റെ കേരളം’ ഫ്‌ളാഷ് മോബ് അരങ്ങേറും.
വിളംബര ജാഥയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ്ബാബു, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സബ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.