പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതിന് മുന്നോടിയായി സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. സുജിത്ത് വിജയന്‍പിള്ള എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷനായി.

സുരക്ഷിതമല്ലാത്ത മത്സ്യബന്ധന യാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവല്‍കൃത മത്സ്യബന്ധന രീതിയിലേക്ക് പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘടനകളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 10 ഗ്രൂപ്പുകള്‍ക്കാണ് ആഴക്കടല്‍ യാനങ്ങള്‍ നല്‍കുന്നത്.

ജില്ലയിലെ എം പി മാര്‍, എം.എല്‍.എമാര്‍, കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രജിത്ത്, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.