എന്റെ കേരളം എന്റെ അഭിമാനം, കൈകള്‍ കോര്‍ത്തു കരുത്തോടെ എന്ന സന്ദേശവുമായി സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോട നുബന്ധിച്ച് കല്‍പ്പറ്റ നഗരത്തില്‍ നടത്തിയ വിളംബരജാഥ ശ്രദ്ധേയമായി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ മൈതാനത്ത് ഏപ്രില്‍ 24 മുതല്‍ 30 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി നടത്തിയ വിളംബരജാഥയില്‍ ആയിരത്തോളം പേര്‍ അണിനിരന്നു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.സി.സി, എന്‍.എസ്.എസ്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ വിളംബരജാഥയില്‍ കണ്ണികളായി. തെയ്യങ്ങള്‍, ശിങ്കാരി മേളങ്ങള്‍, ബാന്റ്‌മേളങ്ങള്‍, പരമ്പരാഗത കൈത്തറി നെയ്ത് ദൃശ്യാവിഷ്‌ക്കാരം, നാടന്‍ കലാരൂപങ്ങള്‍, വാദ്യഘോഷങ്ങള്‍ തുടങ്ങിയവ വിളംബര ജാഥയ്ക്ക് മാറ്റുകൂട്ടി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മേളയില്‍ പങ്കുചേര്‍ന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്ത വിളംബരജാഥ നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന്് ‘എന്റെ കേരളം’ ഫ്‌ളാഷ്‌മോബ് അരങ്ങേറി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിളി സുധി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രേണുക, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി.മജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍, ആയുഷ് ജില്ലാ ഓഫീസര്‍ ഡോ. എ. പ്രീത തുടങ്ങിയവര്‍ വിളബംരജാഥയ്ക്ക് നേതൃത്വം നല്‍കി.