എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ജില്ലയിൽ വിവിധയിടങ്ങളിൽ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമാകുന്നു. പഴയ സിനിമാഗാനങ്ങൾക്ക് ഫ്യൂഷൻ നൃത്തചുവടുകൾ നൽകി കാഴ്ചക്കാരെ ആവേശഭരിതരാക്കുകയാണ് അൺനോൺ ക്രു സ്റ്റുഡിയോ ഫോർ ആർട്ടിസ്റ്റിന്റെ ഫ്ലാഷ് മോബ് ടീം.

എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. അൺനോൺ ക്രു സ്റ്റുഡിയോ ഫോർ ആർട്ടിസ്റ്റിന്റെ നേതൃത്വത്തിൽ പത്തോളം പേരടങ്ങുന്ന സംഘമാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ജില്ലയിലെ വിവിധയിടങ്ങളിലെ ബസ് സ്റ്റാൻഡിലും നഗര പ്രദേശത്തും അവതരിപ്പിച്ച ഫ്ലാഷ് മോബ് വലിയ കരഘോഷത്തോടെയാണ് കാണികൾ ഏറ്റെടുത്തത്.
കൽപ്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച ഫ്ലാഷ് മോബ് മുട്ടിൽ, മീനങ്ങാടി ബസ് സ്റ്റാൻഡ്, സുൽത്താൻ ബത്തേരി മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവിടങ്ങളിൽ അവതരിപ്പിച്ചു.

ഏപ്രില്‍ 24 മുതല്‍ 30 വരെയാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുന്നത്. വിവിധ വകുപ്പുകളിലൂടെ ജനകീയ പദ്ധതികളും സേവനങ്ങളും എന്റെ കേരളം പ്രദര്‍ശന സ്റ്റാളുകളിൽ ജനങ്ങൾക്ക് നേരിട്ടറിയാം. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. എല്ലാ ദിവസവും സാംസ്‌ക്കാരിക പരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവയും നടക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.