കേരളം തീർത്തും നിക്ഷേപ, വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ ചില പ്രചാരണങ്ങൾ നാടിനെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദപരിപാടി ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡിൽ പങ്കെടുത്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

        കേരളത്തിൽ ഒരു പ്രശ്‌നവുമില്ലാതെ വ്യവസായം തുടങ്ങാനും നടത്താനുമുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ വ്യവസായം നടത്താത്ത ചിലർ ഇതിനെതിരേ പറഞ്ഞേക്കാം. ചില നിക്ഷിപ്ത താത്പര്യങ്ങളും ഇതിനു പിന്നിലുണ്ട്. നാടിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്നത്  നിർഭാഗ്യകരമാണ്. ഇത്തരം പ്രചാരണങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവരാൻ ചില ശക്തികൾ ശ്രമിക്കുകയാണ് – മുഖ്യമന്ത്രി പറഞ്ഞു.

        കേരളത്തിലെ മലയാളികളല്ലാത്തവരടക്കമുള്ള വ്യവസായികളുടെ ഒരു യോഗത്തിൽ ഈയിടെ പങ്കെടുത്തിരുന്നു. കേരളത്തിൽ വ്യവസായം നടത്തുന്നതിൽ ഒരു പ്രയാസവും ഇതുവരെയുണ്ടായിട്ടില്ലെന്നാണ് അവർ പറഞ്ഞത്. തൊഴിലാളി പണിമുടക്കുമൂലം ഒരു ദിവസം പോലും ഫാക്ടറി പ്രവർത്തനം സ്തംഭിക്കുന്ന അവസ്ഥയുമില്ല. ഇതാണ് ഇന്നു കേരളത്തിന്റെ യഥാർഥ സ്ഥിതി. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സംരംഭക വർഷം പദ്ധതി വൻവിജയമായിരുന്നു. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതി എട്ടു മാസം കൊണ്ടു തന്നെ ലക്ഷ്യം മറികടന്നു. ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം വ്യത്യസ്തമായി വന്നേക്കാം. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തെ മൊത്തത്തിൽ വിലയിരുത്തുന്നത് യാഥാർഥ്യത്തെ പൂർണമായും തിരസ്കരിക്കുന്നതിന് സമാനമാണ്. വ്യവസായ രംഗത്തേക്കു സ്ത്രീകൾ കൂടുതലായെത്തുന്നതും കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ പ്രത്യേകതയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായ രംഗത്തെ കേരളത്തിന്റെ മുഖം രാജ്യത്തിനകത്തും പുറത്തും നല്ല രീതിയിൽ അവതരിപ്പിക്കാൻ വിപുലമായ പ്രചാരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

        ജോൺ ബ്രിട്ടാസ് എം.പിയാണ് ‘നാം മുന്നോട്ടി’ന്റെ അവതാരകൻ. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ, കേരള സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. എസ്.ആർ. ജയശ്രീ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, ഫെഡറൽ ബാങ്ക് ബോർഡ് ചെയർമാൻ സി. ബാലഗോപാൽ, ചലച്ചിത്ര താരം ഉണ്ണിമായ പ്രസാദ് എന്നിവർ പുതിയ എപ്പിസോഡിൽ പാനലിസ്റ്റുകളായി പങ്കെടുക്കുന്നുണ്ട്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ‘നാം മുന്നോട്ട്’ പരിപാടിയുടെ പുതിയ എപ്പിസോഡ് ഇന്നു (ഏപ്രിൽ 23) മുതൽ സംസ്ഥാനത്തെ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.

സംപ്രേഷണ സമയം:

        ഏഷ്യാനെറ്റ് ന്യൂസ് – ഞായർ വൈകിട്ട് 6:30, മാതൃഭൂമി ന്യൂസ് ഞായർ വൈകിട്ട് 8.30, കൈരളി ടിവി ശനിയാഴ്ച പുലർച്ചെ 12.30 (പുനഃസംപ്രേഷണം – ശനിയാഴ്ച രാവിലെ 6:30), കൈരളി ന്യൂസ് – ഞായറാഴ്ച രാത്രി 9:30 (പുനഃസംപ്രേഷണം ബുധനാഴ്ച വൈകിട്ട് 3:30), മീഡിയ വൺ ഞായറാഴ്ച രാത്രി 7:30, കൗമുദി ടിവി ശനിയാഴ്ച രാത്രി 8:00, 24 ന്യൂസ് – ഞായറാഴ്ച വൈകിട്ട് 5.30 (പുനഃസംപ്രഷണം പുലർച്ചെ ഒരു മണി), ജീവൻ ടിവി – ഞായറാഴ്ച വൈകിട്ട് 7:00, ജയ്ഹിന്ദ് ടിവി – ബുധനാഴ്ച വൈകിട്ട് 7:00, റിപ്പോർട്ടർ ടിവി – ഞായറാഴ്ച വൈകിട്ട് 6:30, ദൂരദർശൻ – ഞായറാഴ്ച രാത്രി 7:30, ന്യൂസ് 18 – ഞായറാഴ്ച രാത്രി 8:30.