ജനകീയ ആസൂത്രണത്തിന്റെ തുടക്കത്തിൽ ജനങ്ങളെ കൂട്ടിയിണക്കി നടത്തിയതുപോലുള്ള വിപുലമായ പ്രചാരണ പരിപാടികൾ ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുവേണ്ടി നടപ്പാക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ‘നവകേരളം വൃത്തിയുള്ള കേരളം’ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കായി തെള്ളകം ചൈതന്യ ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

വൃത്തിയുള്ള കോട്ടയത്തിലൂടെയേ വൃത്തിയുള്ള കേരളം സാധ്യമാകൂ. ഇതു സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം സാധ്യമാകുന്നതല്ല. ഈ ലക്ഷ്യം കൈവരിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. എല്ലാ വിഭാഗം ആളുകളെയും ഒത്തിണക്കിക്കൊണ്ടു മാലിന്യനിർമാർജനം എന്ന ലക്ഷ്യം കൈവരിക്കാനാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ നടന്നുവരുന്ന ഭവന സന്ദർശനം, പൊതുസ്ഥലങ്ങളിലെ ജലസ്രോതസുകളിലെയും ജലാശയങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കൽ എന്നിവ ഈ മാസം പൂർത്തീകരിക്കാനും ജനകീയ കാമ്പയിനായി ഇതിനെ മാറ്റിയെടുക്കാനും ശിൽപശാല തീരുമാനമെടുത്തു.

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. സുധീഷ്‌കുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറിയും തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അജയൻ കെ. മേനോൻ, കില റിസോഴ്‌സ് പേഴ്‌സൺ ശ്രീശങ്കർ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, എന്നിവർ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്, കില കോ-ഓർഡിനേറ്റർ ബിന്ദു അജി, ഹരിതകേരളം കോ-ഓർഡിനേറ്റർ അജിത് എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തെള്ളകം ചൈതന്യ ട്രെയിനിംഗ് സെന്റിൽ ഇന്ന് (ഏപ്രിൽ 25) രാവിലെ ഹരിത കർമ സന പ്രതിനിധികൾക്കും ഉച്ചകഴിഞ്ഞു റിസോഴസ് പേഴ്‌സൺമാർക്കുമുള്ള പരിശീലനം നടക്കും. നാളെ (ഏപ്രിൽ 26) രാവിലെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അംഗങ്ങൾക്കും ഉച്ചകഴിഞ്ഞു ഹരിതകർമസേന പ്രതിനിധികളുടെ രണ്ടാം ബാച്ചിനുമുള്ള പരിശീലനം നൽകും.