വികസനത്തിലൂന്നിയ ഭരണ സങ്കല്‍പ്പവും നിര്‍വ്വഹണവും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇതര സംസ്ഥാനങ്ങളെക്കാല്‍ സാമൂഹികമായും സാംസ്‌കാരികമായും ഉന്നതിയിലാണ്. നാടിന്റെ വികസന കാര്യത്തില്‍ സര്‍വ്വമേഖലയിലും സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. മുഴുവന്‍ ഭരണനിര്‍വ്വഹണ ശേഷിയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. നാടിന്റെ പുരോഗതിക്കായി യുവജനതയുടെ കര്‍മ്മോത്സുകത പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തും.

സാങ്കേതികമായി വളര്‍ച്ചയെ ഉന്നംവെച്ചുകൊണ്ടുള്ള പ്രത്യേക സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ ഉടനീളമുണ്ട്. കുടുബശ്രീ തുടങ്ങിയവര്‍ നാടിന്റെ വളര്‍ച്ചയ്ക്കായി മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഈ വേളയിലും കാര്‍ഷിക മേഖലകള്‍ നേരിടുന്ന വെല്ലുവിളികള്‍ വിസ്മരിക്കുന്നില്ല. പല അന്താരാഷ്ട്ര കരാറുകളുടെയും പരിണിതഫലങ്ങളാണ് ഈ മേഖലയെ വേട്ടയാടുന്നത്. ഇതിനെ മറികടക്കാന്‍ നമുക്കാവണം. ഇതില്‍ നിന്നും കരകയറാന്‍ നമുക്ക് സ്വന്തമായി ഒരു കാര്‍ഷിക നയം വേണം. ഇതിനായുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. വ്യവസായികമായ വികസനം മാത്രമല്ല നാടിന്റെ വികസനം. കാര്‍ഷിക മേഖലയിലും അധിഷ്ഠിതമായ പുരോഗതിയാണ് നാടിന്റെ ലക്ഷ്യം. കാര്‍ഷിക ഉത്പാദന മേഖലയെ ശക്തിപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനത്തിലും മാറ്റം പ്രകടമാണ്. റോഡ്, ആകാശമാര്‍ഗ്ഗമുളള യാത്രസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നൂതന പദ്ധതികള്‍ തയ്യാറാക്കുന്നു. എന്നാല്‍ പലമേഖലയില്‍ നിന്നുള്ള അടിസ്ഥാനമില്ലാതെ ഉയരുന്ന എതിര്‍പ്പുകള്‍ വികസനത്തിന് തടസ്സമാവുകയാണ്. ഇതിനെയെല്ലാം മറികടന്നു കൊണ്ടുള്ള മുന്നേറ്റമാണ് നമുക്ക് വേണ്ടതെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ അവാർഡ് ജേതാവായ ചെറുവയൽ രാമനെ ചടങ്ങിൽ ആദരിച്ചു. വ്യവസായ വകുപ്പ് ബി.ടു.ബി യിൽ 50 ലക്ഷം രൂപയുടെ ആദ്യ ധാരണപത്രം ചടങ്ങിൽ കൈമാറി. ജില്ലാ കളക്ടർ ഡോ.രേണു രാജ്, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ.രമേഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇ.കെ.രേണുക, എം.വി.വി ജേഷ്, പി വി.ബാലകൃഷ്ണൻ, ടി.കെ.അഫ്സത്ത്, അനസ് റോസ്ന സ്റ്റെഫി, പി.എം. ആസ്യ, സുധി രാധാകൃഷ്ണൻ, അംബിക ഷാജി, എൻ്റെ കേരളം സംസ്ഥാന കോർഡിനേറ്റർ കെ.ജി.ജയപ്രകാശ്, എ.ഡി.എം. എൻ.ഐ.ഷാജു, സബ് കളക്ടർ ആർ.ശ്രീലക്ഷ്മി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു എന്നിവർ സംസാരിച്ചു.