സുവർണ്ണ ജൂബിലിത്തിളക്കത്തിൽ നാട്ടകം സർക്കാർ കോളേജ്. കോട്ടയം ജില്ലയിൽ സർക്കാർ മേഖലയിലെ ഏക ആർട്്സ് ആൻഡ് സയൻസ് കോളേജാണ് നാട്ടകത്തേത്. 1972-ൽ സ്ഥാപിതമായ കോളേജിൽ വിവിധ കോഴ്സുകളിലായി 1250 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. നാക് അക്രിഡിറ്റേഷനിൽ എ ‘ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2022 ലെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ ആദ്യ 150 റാങ്ക് ബാൻഡിലും ഉൾപ്പെട്ടിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘സെന്റർ ഓഫ് എക്‌സലൻസ്,’ ‘ലീഡ് കോളേജ് ‘ പദ്ധതികളിലൂടെ നിരവധി നൂതന അക്കാദമിക ഗവേഷണ സംരംഭങ്ങൾ ആരംഭിച്ചു കൊണ്ട് സമഗ്ര വികസന പാതയിലൂടെയാണ് കോളേജ് സുവർണ്ണ ജൂബിലി നിറവിലെത്തി നിൽക്കുന്നത്.

പത്ത് ബിരുദ കോഴ്‌സുകളും, ആറ് ബിരുദാനന്തര ബിരുദ കോഴ്‌സുകളും, ആറ് റിസർച്ച് പ്രോഗ്രാമുകളും നിലവിൽ നാട്ടകം കോളജ് ഒരുക്കുന്നുണ്ട്. നിലവിൽ ബോട്ടണി, കൊമേഴ്സ്, രസതന്ത്രം, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ജിയോളജി, ഫിസിക്സ്, പൊളിറ്റിക്സ്, മാത്തമാറ്റിക്സ്, സുവോളജി ഉൾപ്പെടെ പത്ത് ബിരുദ കോഴ്സുകളാണ് നടന്ന് വരുന്നത്. ഇതിൽ കൊമേഴ്സ്, ഇക്കണോമിക്സ്, ഫിസിക്സ്, ജിയോളജി, പൊളിറ്റിക്സ്, രസതന്ത്രം എന്നിവയുടെ ബിരുദാനന്തര ബിരുദ വകുപ്പുകളും ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലീഡ് കോളേജ് സ്‌കീം പ്രകാരം ആരംഭിച്ച ‘ഇന്റർ ഡിസിപ്ലിനറി റിസർച്ച് സെന്റർ’, ജിയോ മാറ്റിക്സ് ലാബ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, ‘ബാരിയർ ഫ്രീ കാമ്പസ് ‘ സ്‌കീം പ്രകാരം നിർമ്മിച്ച ‘ദിവ്യാംഗൻ സൗഹൃദ കാമ്പസ്, അധ്യാപന – പഠന പ്രക്രിയയുടെ നവീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച ‘ഇൻസ്റ്റിറ്റിയൂഷണൽ ലേണിങ് മാനേജ്മെന്റ് സിസ്റ്റം’, തുടങ്ങിയ സംരംഭങ്ങളും കോളേജിൽ പ്രവർത്തിച്ചുവരുന്നുണ്ട്.