നാദാപുരം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ യോഗം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിൽ ഉൾപ്പെട്ട വിവിധ പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും വേണ്ടിയാണ് തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരുടെ യോഗം ചേർന്നത്. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ നാസർ അധ്യക്ഷത വഹിച്ചു. മേറ്റുമാരുടെ ഉത്തരവാദിത്തങ്ങൾ, നടപ്പ് വർഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് സംസാരിച്ചു.

സർക്കാർ നിർദ്ദേശപ്രകാരം നീർത്തട വികസനം ,മാലിന്യനിർമാർജനം ,ആസ്തി വികസനം ,വ്യക്തിഗത ആസ്തി ഉണ്ടാക്കൽ, ഉപജീവനമാർഗത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികൾ എന്നിവയാണ് ആക്ഷൻ പ്ലാനിൽ ഉൾപെട്ടിട്ടുള്ളത്.

കഴിഞ്ഞവർഷം തൊഴിലുറപ്പ് പദ്ധതിയിൽ 6,84,16,000 രൂപ ചെലവഴിച്ചു. 470 കുടുംബങ്ങൾ 100 ദിനം പൂർത്തീകരിക്കുന്നതിലൂടെ 1,84,339 തൊഴിൽ ദിനം സൃഷ്ടിച്ചു. 1,12,00000 രൂപ മെറ്റീരിയൽ ഇനത്തിൽ ചെലവഴിച്ചതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

മെമ്പർമാരായ പി.പി. ബാലകൃഷ്ണൻ, വി.പി. കുഞ്ഞിരാമൻ ,എ. ദിലീപ് കുമാർ ,എ.കെ . ദുബീർ മാസ്റ്റർ ,വി അബ്ദുൽ ജലീൽ തൊഴിലുറപ്പ് പദ്ധതി എ.ഇ നവനീത് രാജഗോപാൽ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.