സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 20,000 ലൈഫ് മിഷന്‍ ഭവനങ്ങളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് നാലിന് വൈകിട്ട് അഞ്ചിന് മേക്കോണില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചുനല്‍കിയ 21,482 ഭവനങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 29,668 വീടുകളാണ് ലൈഫ് പദ്ധതിയില്‍ പണിതത്. ഈ സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ 8,186 വീടുകളാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഏപ്രില്‍ ഒന്നിന് ശേഷം പൂര്‍ത്തീകരിച്ചത് 150 വീടുകളാണ്. ഇവ ഉള്‍പ്പെടെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ പ്രഖ്യാപനമാണ് നടത്തുന്നത്.
77,909 ഭവനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്താകെ പൂര്‍ത്തിയാക്കിയത്. ഇതോടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ ആറു വര്‍ഷത്തില്‍ കേരളത്തില്‍ ലൈഫ് പദ്ധതിയിലൂടെ 3,40,040 വീടുകളാണ് പണിതുയര്‍ത്തിയത്. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി ടി കെ എം ആര്‍ട്സ് കോളജില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു.
അത്ഭുതകരമായ വികസനവും ഭവനവിപ്ലവുമാണ് കേരളത്തില്‍ നടക്കുന്നതെന്നും ജില്ലയില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 75 കുടുംബങ്ങള്‍ക്ക് ആറു മാസത്തിനകം വീട് നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയായി.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, ജില്ലയിലെ എം എല്‍ എമാര്‍, മേയര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനുമായി സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്-വര്‍ക്കിങ് ചെയര്‍മാന്‍. ജനറല്‍ കണ്‍വീനര്‍- ജില്ലാ കലക്ടര്‍, കണ്‍വീനര്‍മാര്‍- എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍, ലൈഫ് ജില്ലാ കോ- ഓഡിനേറ്റര്‍, ട്രഷറര്‍- കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് നിലവില്‍ വന്നത്.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദേവദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, മുന്‍മന്ത്രി ജെ മേഴ്സികുട്ടിയമ്മ, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്‍, സ്ഥിരംസമിതി അധ്യക്ഷര്‍, ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, സ്റ്റേറ്റ് ലൈഫ് മിഷന്‍ പ്രോഗ്രാം മാനേജര്‍ സജീന്ദ്ര ബാബു, ഫിനാന്‍സ് ഓഫീസര്‍ ജെ നെല്‍സണ്‍, ജില്ലാ കോ-ഓഡിനേറ്റര്‍ വി ജെ ജോസഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.