മധുരം പുരട്ടിയ ഹോമിയോ ഗുളികളും ഹോമിയോ ചികിത്സയുടെ നൂതന മുന്നേറ്റങ്ങളും ചെറുതല്ല. ജീവിത ശൈലി രോഗങ്ങള്‍ക്ക് മുതല്‍ പാര്‍ശ്വഫലങ്ങള്‍ കുറവായ നിരവധി മരുന്നുകള്‍ ഹോമിയോക്ക് സ്വന്തമായുണ്ട്. കയ്പില്ലാത്ത മധുര ഗുളികകളാണ് ഹോമിയോയുടെ പ്രത്യേകത. ഈ മരുന്നുകളുടെ രസതന്ത്രം സ്റ്റാളില്‍ നിന്നുമറിയാം. ഹോമിയോ മരുന്നിന്റെ പലതരം ഉറവിടങ്ങള്‍, കണവ, ചിലന്തി, പാമ്പിന്‍ വിഷം, തിമിംഗലം ശര്‍ദ്ദി, സ്വര്‍ണ്ണം ലാവ, പ്ലാറ്റിനം തുടങ്ങിയ പല വസ്തുക്കള്‍ നിന്നും ഹോമിയോ മരുന്ന് ഉണ്ടാക്കുന്ന വിധം എന്നിവ സ്റ്റാളിലെത്തുന്നവര്‍ക്ക് പുതിയ അറിവാണ്. ആഹാരം ആരോഗ്യം എന്ന വിഭാഗത്തില്‍ ദൈനംദിന ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നും ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുന്നതും അതിന്റെ ഉപയോഗങ്ങളും പരിചയപ്പെടുത്തും. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറുവപ്പട്ട, നില, എന്നിവ എങ്ങനെ ഹോമിയോ മരുന്നുകളായി രൂപപ്പെടുന്നു എന്നും ഇവിടെ നിന്നും വിശദമാക്കുന്നു. ഹോമിയോപ്പതി വകുപ്പിന്റെ പുതിയ പദ്ധതികള്‍, ജില്ലയിലെ ഹോമിയോ ചികിത്സാലയങ്ങള്‍, വിവിധ പദ്ധതികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ വിവരങ്ങളും സറ്റാളില്‍ ലഭ്യമാണ്.

ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒപ്പം നില്‍ക്കുന്ന ഹോമിയോപ്പതി ചികിത്സയെക്കുറിച്ചുള്ള സെമിനാറും പ്രധാന വേദിയില്‍ നടന്നു. സ്ത്രീകളുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും മാനസികവും ശാരീരികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന സീതാലയം, വന്ധ്യത നിവാരണ ചികിത്സാ പദ്ധതി ജനനി, സദ്ഗമയ, പുനര്‍ജനി, ആയുഷ്മാന്‍ ഭവ, ആശ്രയ്, റീച്ച്, വയോജന പദ്ധതി, സ്വാന്തന ചികിത്സ പദ്ധതി, മൊബൈല്‍ യൂണിറ്റ് തൈറോയ്ഡ് ഒ പി , ആസ്മ അലര്‍ജി ക്ലിനിക് എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍, സാധ്യതകള്‍ എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലെ സേവനങ്ങള്‍, ഒ.പി സമയക്രമം എന്നിവയെല്ലാം സെമിനാറില്‍ വിശദീകരിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എ സി രമ്യ, ഡോ. ജെറാള്‍ഡ് ജയകുമാര്‍, ഡോ. ബി ശ്രീനാഥ് എന്നിവര്‍ വിഷയാവതരണം നടത്തി.