കലാകേരളം അണിനിരന്ന സന്ധ്യയില്‍ എന്റെ കേരളത്തിന് ഉത്സവമേളം. കൊച്ചിന്‍ കലാഭവന്റെ അറുപതോളം താരങ്ങളാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം സാംസ്‌കാരിക വേദിയെ നാലാം ദിവസം ധന്യമാക്കിയത്. കൈരളിയുടെ കലാ ജീവിതത്തിന് വഴികാട്ടിയായ ആബേലച്ചന്റെ 43വര്‍ഷം പിന്നിട്ട കൊച്ചിന്‍ കലാഭവന്‍ എന്റെ കേരളം വേദിയിലെത്തിയപ്പോള്‍ വയനാട്ടിലെ കലാ സ്‌നേഹികളും ഒഴുകിയെത്തി. കലാഭവന്‍ സോബി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അനുഗ്രഹീത കലാകാരന്‍മാര്‍ക്ക് എന്റെ കേരളം ഊഷ്മള വരവേല്‍പ്പ് നല്‍കിയത്.

കോമഡിയും മെലഡിയും ഡിക്യു ഡാന്‍സ് കമ്പനി സിനിമാറ്റിക് ഡാന്‍സും സദസ്സിനെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ചത്. പോള്‍സണ്‍, ഭാസി, വില്‍പിന്‍ തുടങ്ങിയവര്‍ അണിനിരന്ന കോമഡി ഷോ എന്റെ കേരളത്തിനെ നര്‍മ്മത്തില്‍ പൊതിഞ്ഞു.
കലാഭവൻ ഓർക്കസ്ട്രയുടെ നീണ്ട നിരയും വേദിയെ സംഗീത സാന്ദ്രമാക്കി.

വർണ്ണാഭമായ ഫ്യൂഷൻ ഡാൻസും കലാഭാവൻ മെഗാഷോയ്ക്ക് ചാരുതയേകി.
വിവിധങ്ങളായ കാലാസന്ധ്യകളാണ് എന്റെ കേരളത്തില്‍ അരങ്ങേറുന്നത്. നാടന്‍ പാട്ടുകളും ഗസലുകളും ഇശല്‍ പെരുമഴ പെയ്ത മാപ്പിള
കലാസന്ധ്യയുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷം എന്റെ കേരളത്തിനെ സമ്പൂര്‍ണ്ണമാക്കുന്നു. കലാസ്വാദകരുടെ നിറഞ്ഞ സദസ്സിലാണ് ദിവസവും സാംസ്‌കാരിക സന്ധ്യകള്‍ അരങ്ങേറുന്നത്. വൈവിധ്യങ്ങളുടെ മേള ആസ്വദിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെത്തുന്നു. ഇരുനൂറോളം സ്റ്റാളുകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ആക്ടിവിറ്റി ഏരിയകളുമെല്ലാമായി വയനാടിന്റെ ആഘോഷ നിറവായി എന്റെ കേരളവും മാറുകയാണ്.