ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശികതലത്തില്‍ സാമ്പത്തിക വികസനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരും നേതൃത്വപരമായ പങ്കുവഹിക്കേണ്ടവരുമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് റേറ്റിങ് വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫണ്ട് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം ദേശീയതലത്തില്‍ താരതമ്യപ്പെടുത്തിയാല്‍ വളരെ ശുഷ്‌കമാണ്.
ബില്‍ഡിങ് പെര്‍മിറ്റ് ഫീസ് കൂട്ടിയത് ഇന്ത്യയില്‍ ആകെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പരിശോധനയും ചര്‍ച്ചയും നടത്തിയതിന് ശേഷമാണ്. 10 വര്‍ഷത്തിനുശേഷമാണ് പെര്‍മിറ്റ് ഫീസ് കൂട്ടുന്നത്. ദേശീയ ശരാശരിയുടെ രണ്ട് ശതമാനം മാത്രമാണ് കേരളത്തില്‍ പെര്‍മിറ്റ് ഫീസെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണം, പ്രാദേശിക സാമ്പത്തിക വികസനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാനുണ്ട്. അത് നിര്‍വഹിക്കുന്നതിനായുള്ള ഏകോപന കേന്ദ്രമായി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, എംപ്ലോയിബിലിറ്റി സെന്റര്‍ ഇവയെല്ലാം ബ്ലോക്ക് കേന്ദ്രീകരിച്ച്  ആരംഭിക്കാന്‍ പോവുകയാണ്. ഇവയെല്ലാം ഏകോപിക്കുന്ന കേന്ദ്രമായിരിക്കും ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍. ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ കൂടുതല്‍ സംയോജിത പദ്ധതികള്‍ വരണം. ഗ്രാമപഞ്ചായത്തുകളെ സംയോജിപ്പിച്ചുള്ള പദ്ധതികളുടെ ഏകോപന കേന്ദ്രമായി ബ്ലോക്ക് പഞ്ചായത്തിന് മാറാന്‍ കഴിയണം.

വിവിധ പരിശീലനങ്ങള്‍ക്കുള്ള സൗകര്യം ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി, സുതാര്യമായി വേഗത്തില്‍ ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള ഒട്ടേറെ പരിഷ്‌കരണ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. അതിലൊന്നാണ് ഉപജില്ലാ, ജില്ലാ, സംസ്ഥാനതലത്തില്‍ ആരംഭിച്ച സ്ഥിരം അദാലത്തുകള്‍.  അദാലത്തില്‍ വരുന്ന എല്ലാ പരാതികളും അടുത്ത യോഗത്തില്‍ തീരുമാനമെടുക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരെ നിയമിച്ചു കൊണ്ടാണ് അദാലത്ത് സംവിധാനം നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.