മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് വേദിയിൽ എല്ലാ വകുപ്പുകളുടെയും കൗണ്ടറുകൾ പ്രവർത്തിക്കും. അദാലത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ കൗണ്ടറുകളിൽ ഉണ്ടാകണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. എല്ലാ വകുപ്പ് മേധാവികളും അദാലത്തിൽ പൂർണസമയം പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു. അദാലത്ത് ദിവസം പുതിയ പരാതികളും സ്വീകരിക്കും. ഇതിനുള്ള ക്രമീകരണങ്ങളും വകുപ്പുകളുടെ കൗണ്ടറുകളിൽ ഉണ്ടാകണം.

മെയ് രണ്ടിന് കണ്ണൂർ താലൂക്കിലാണ് ജില്ലയിലെ ആദ്യ അദാലത്ത്, കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിൽ. തലശ്ശേരി-മെയ് നാല് ഗവ. ബ്രണ്ണൻ ഹൈസ്‌ക്കൂൾ തലശ്ശേരി, തളിപ്പറമ്പ്-മെയ് ആറ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ട്, പയ്യന്നൂർ-മെയ് എട്ട് ബോയ്സ് ഹൈസ്‌കൂൾ പയ്യന്നൂർ, ഇരിട്ടി-മെയ് ഒമ്പത് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയം ഇരിട്ടി എന്നിവിടങ്ങളിലാണ് മറ്റ് അദാലത്തുകൾ.

പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് അദാലത്തുകളെന്ന് ഉറപ്പുവരുത്തണം. ഹരിത കർമസേനക്കാണ് ഇതിന്റെ ചുമതല. എല്ലാ ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ പൂർണ സഹകരണം നൽകണമെന്നും കലക്ടർ പറഞ്ഞു. എഡിഎം കെ കെ ദിവാകരൻ, കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക്, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കൈടുത്തു.