സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി മണിയൂര്‍ ഐ ടി ഐ യുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ട്രെയിനികളെ പ്രാപ്തരാക്കിയും നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കിയും സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പറഞ്ഞു. പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ പുതിയ ട്രേഡുകള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ പേർക്ക് പരിശീലനം നല്‍കുന്നതിനും സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
മണിയൂര്‍ പഞ്ചായത്ത് അനുവദിച്ച ഒരേക്കര്‍ പത്ത് സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുക. ആദ്യഘട്ടമായി 2500 സ്ക്വയര്‍ മീറ്റര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് ആരംഭിക്കുക. കെട്ടിട നിര്‍മ്മാണത്തിനായി ആറ് കോടി 90 ലക്ഷത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. 2010 ല്‍ ആരംഭിച്ച മണിയൂര്‍ ഐ ടി ഐയില്‍ നിലവില്‍ മൂന്ന് ട്രേഡുകളിലായി 128 ട്രെയിനികള്‍ക്കാണ് പരിശീലനം നല്കി വരുന്നത്. പുതിയ കെട്ടിടം വരുന്നതോടെ പുതിയ ട്രേഡുകള്‍ ആരംഭിക്കുന്നതിനും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനും സാധിക്കും.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി റീന എന്നിവര്‍ മുഖ്യാതിഥികളായി. വാര്‍ഡ് മെമ്പര്‍മാരായ എ ശശിധരന്, ജിഷ കൂടത്തില്‍, പിടിഎ പ്രസിഡന്റ് മധു പുഴയരികത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടർ കെ.പി ശിവശങ്കരന് സ്വാഗതവും മണിയൂര്‍ ഐ ടി ഐ പ്രിന്‍സിപ്പല്‍ സജ്ജയ് എം നന്ദിയും പറഞ്ഞു.