ചെലവൂർ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ചെലവൂർ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടുകൂടി ജില്ലയിലെ മുഴുവൻ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ദേശീയ നഗരാരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ചെലവൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം സർക്കാറിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് കൂടുതൽ സൗകര്യങ്ങളോടെയും സജ്ജീകരണങ്ങളുടെയും നഗര കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. എ പ്രദീപ് കുമാർ എംഎൽഎയുടെ 2021ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ, കോർപ്പറേഷൻ നോൺ റോഡ് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ, എൻ.എച്ച്.എം ഫണ്ട് 15 ലക്ഷം രൂപ എന്നിവ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചത്.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, ഇമ്മ്യൂണൈസേഷൻ മുറി, രണ്ട് കിടക്കകളോടുകൂടിയ നിരീക്ഷണ മുറി, പ്രീ ചെക്ക് റൂം, ഡെന്റൽ ഒ.പി, നഴ്സിംഗ് സ്റ്റേഷൻ, ഐയുഡി മുറി എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചെലവൂർ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എലാൻസാ ഡിസൈൻ സ്റ്റുഡിയോ എന്ന ആർക്കിടെക്ചറൽ സ്ഥാപനമാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കിയത്. എച്ച്.എൽ.എൽ ആണ് നിർവഹണ ഏജൻസി.

മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ എസ്, കൗൺസിലർമാരായ അഡ്വ സി.എം ജംഷീർ, ഫെനിഷ സന്തോഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ദിനേശ് കുമാർ എപി, മെഡിക്കൽ ഓഫീസർ നിർമ്മൽ ചാന്ദ്, വാർഡ് കൺവീനർ ജോർജ് തോമസ്, എലാൻസാ ഡിസൈൻ സ്റ്റുഡിയോ ഡയറക്ടർ ടി.ഡി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.