വടകര ഐടിഐയില്‍ നൂതന കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വില്യാപ്പള്ളി മംഗലോറ മലയില്‍ നിര്‍മ്മിക്കുന്ന വടകര ഐ ടി ഐ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന പുതിയ വിദ്യാഭ്യാസ നയം സ്കൂള്‍ തലം മുതല്‍ തന്നെ എല്ലാ കുട്ടികള്‍ക്കും കൂടുതൽ അവസരങ്ങളാണ് നല്‍കുന്നത്. നൈപുണ്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വില്യാപ്പള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ എസ്റ്റോറ്റിനായി വിലയ്ക്കെടുത്ത 1.7 ഏക്കര്‍ സ്ഥലത്താണ് പുതിയ ഐടിഐ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിനായി 6.96 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നല്‍കിയത്. 2010 വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വടകര ഗവ ഐടിഐയില്‍ മൂന്നു ട്രേഡുകളാണുള്ളത്. നിലവില്‍ 136 ട്രെയിനികൾ ഇവിടെ നിന്നും പരിശീലനം നേടുന്നുണ്ട്.
അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.കെ സുരഭി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി റീന, വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി പൂളക്കണ്ടി, വില്യാപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സുബിഷ, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ റഫീഖ്, പി സുബീഷ്, ശാന്ത വള്ളില്‍, വില്യാപ്പള്ളി പഞ്ചായത്ത് മെമ്പര്‍ രാഗിണി തച്ചോളി, ഇബ്രാഹീം പുത്തലത്ത്, മോഹനന്‍ ചീളുപറമ്പത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.പി ശിവശങ്കരന്‍ സ്വാഗതവും വില്യാപ്പള്ളി ഐടിഐ പ്രിന്‍സിപ്പല്‍ ഇ സിന്ധു നന്ദിയും പറഞ്ഞു.