സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും കോട്ടയം താലൂക്ക്തല അദാലത്ത് മേയ് രണ്ടിന് രാവിലെ 10 മുതൽ നടക്കും. അദാലത്ത് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, കോട്ടയം നഗരസഭാംഗം സിൻസി പാറയിൽ എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ സ്വാഗതവും റവന്യു ഡിവിഷണൽ ഓഫീസർ വിനോദ് രാജ് നന്ദിയും പറയും.