പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം: മന്ത്രി കെ. കെ. ശൈലജ
കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിൽ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ആയുഷ് വകുപ്പിന്റെ ആദരവ് അർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വേളി സെന്റ് തോമസ് ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ആരോഗ്യ കിറ്റുകൾ മന്ത്രി വിതരണം ചെയ്തു. തീരദേശവാസികൾക്കായി ആയുർവേദ, ഹോമിയോ, സിദ്ധ വിഭാഗങ്ങളിലെ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി.
മനുഷ്യ സ്നേഹമാണ് എല്ലാത്തിലും വലുതെന്ന പാഠമാണ് പ്രളയകാലം പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ കാവലാളുകളാണെന്ന് ഈ നാളുകളിൽ തെളിയിക്കപ്പെട്ടു. തീരമേഖലയ്ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതികൾ പരിഗണിക്കുന്നുണ്ട്. തീരദേശത്തെ നിരവധി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഒരു വർഷത്തിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും.
പ്രളയ ബാധിത പ്രദേശങ്ങളിൽ ചികിത്സയ്ക്കൊപ്പം പ്രത്യേക കൗൺസലിംഗ് പരിപാടികളും ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. ഇതുവരെ 1.35 ലക്ഷം പേർക്ക് കൗൺസലിംഗ് നൽകി. മൂവായിരം പേർക്ക് ചികിത്സ വേണ്ടി വന്നു. എലിപ്പനി പോലെയുള്ള പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം. പ്രളയ മേഖലകളിൽ അകപ്പെട്ടവരെ രക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ അസാമാന്യ ധീരതയാണ് കാട്ടിയതെന്ന് മന്ത്രി പറഞ്ഞു.
ആയുഷ് സെക്രട്ടറി കേശവേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ മേടയിൽ വിക്രമൻ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. അനിതാ ജേക്കബ്, ഹോമിയോപതി ഡയറക്ടർ ഡോ. കെ. ജമുന, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി. ഉഷാകുമാരി, ഗവ. ഹോമിയോ കോളേജ് പി. സി. ഒ ഡോ. സുനിൽരാജ്, ഔഷധി എം. ഡി കെ. വി. ഉത്തമൻ, ഹോംകോ എം. ഡി ഡോ. ജോയി, ഡോ. എം. സുഭാഷ്, സെന്റ് തോമസ് പള്ളി വികാരി ഫാ. യേശുദാസൻ മത്യാസ്, ഡോ. ആർ. ജയനാരായണൻ എന്നിവർ സംബന്ധിച്ചു.