സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ (കെസ്നിക്) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നാഷണൽ ഹൗസ് പാർക്ക് സ്ഥാപിക്കുമെന്ന് റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്ന ഫിനിഷിംഗ് സ്കൂളിന്റെ ഉദ്ഘാടനം ഗവ.ഗസ്റ്റ് ഹൗസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
വീടുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് കാണാനായി ഹൗസ് പാർക്കിൽ വിവിധ തരത്തിലുള്ള നാൽപ്പതോളം വീടുകൾ നിർമ്മിക്കാനാണ് ഉദ്ദേശം. സർക്കാർ ഇതിനുവേണ്ടി ആറര ഏക്കർ സ്ഥലം കൈമാറിയതായും സാധിക്കുന്ന എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭവന നയം മാത്രമല്ല, ഭവന നിർമ്മാണ സംസ്ക്കാരം കൂടി വളർത്താണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ഫിനിഷിംഗ് സ്കൂളിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റും നിയമനം ലഭിച്ചവർക്കുള്ള ഉത്തരവും ചടങ്ങിൽ മന്ത്രി കൈമാറി.മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ജില്ലാ കലക്ടർ എ ഗീത മുഖ്യ പ്രഭാഷണം നടത്തി. കെസ്നിക് ഫിനാൻഷ്യൽ അഡ്വൈസർ എസ് അശോക് കുമാർ, സംസ്ഥാന നിർമ്മിതി കേന്ദ്രം ചീഫ് ടെക്നിക്കൽ ഓഫീസർ ആർ ജയൻ എന്നിവർ ആശംസകൾ നേർന്നു.സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസ് സ്വാഗതവും സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ കെ.എം ശശി നന്ദിയും പറഞ്ഞു.
സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കാനാണ് സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫിനിഷിംഗ് സ്കൂൾ സ്ഥാപിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഫിനിഷിംഗ് സ്കൂൾ അഴകൊടി ദേവീക്ഷേത്രത്തിന് സമീപമാണ് പ്രവർത്തനം ആരംഭിക്കുക.