കരുതലും കൈത്താങ്ങും അദാലത്തിലൂടെ സർക്കാരിന് ജനങ്ങളോടുള്ള കരുതൽ ഒരിക്കൽ കൂടി തെളിയുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോഴിക്കോട് താലൂക്ക് തല അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ ആവശ്യമുള്ള പരാതികൾ ബന്ധപ്പെട്ടവർക്ക് കൈമാറും. നികുതിയടക്കാൻ സാധിക്കാത്തവർക്ക് ഉടമസ്ഥാവകാശം തെളിയിക്കുകയാണെങ്കിൽ നികുതി അടയ്ക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ നടത്തുന്ന ജനകീയ പരിപാടികളുടെ തുടർച്ചയാണ് താലൂക്ക് അദാലത്തുകളെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഒരു തരത്തിലുമുള്ള പ്രയാസം ഉണ്ടാകാത്ത വിധം സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്. നേരത്തെ സ്വീകരിച്ച പരാതികൾ പരിഹരിക്കുന്നതിനോടൊപ്പം നേരിട്ട് എത്തിയവരുടെ പരാതികൾ പരിഹരിക്കുന്നതിനും അദാലത്തിൽ പ്രത്യേകം സൗകര്യം ഒരുക്കിയതായി മന്ത്രി പറഞ്ഞു.

ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കാൻ ഇത്തരം അദാലത്തുകൾക്ക് കഴിയുമെന്നും വലിയ ജനപങ്കാളിത്തം അദാലത്തിൽ ഉണ്ടായതായും തുറമുഖം – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജനങ്ങളെ സർക്കാർ ചേർത്ത് നിർത്തുകയാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെയെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഒരിക്കലും പരിഹരിക്കാൻ കഴിയില്ലെന്ന് കരുതിയ പ്രശ്നങ്ങൾക്ക് അദാലത്തിലൂടെ പരിഹാരം കാണാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

1,451 അപേക്ഷകളാണ് കോഴിക്കോട് താലൂക്ക് അദാലത്തിൽ ലഭിച്ചത്. ഇതിൽ 602 പരാതികളിൽ പരിഹാരമായി. 476 എണ്ണം പരിശോധനക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറി. 188 പരാതികളാണ് അദാലത്തിൽ പുതുതായി ലഭിച്ചത്.

എം.എൽ. എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, ജില്ലാ കലക്ടർ എ.ഗീത, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, സബ്കലക്ടർ വി. ചെൽസാ സിനി തുടങ്ങിയവർ പങ്കെടുത്തു.