ഭിന്നശേഷിക്കാരനായ സതീഷ് കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തിന് എത്തിയത് വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ എന്ന ആവശ്യവുമായാണ്.  അദാലത്തില്‍ പരിഗണിക്കുന്നതിനായി ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ സതീഷിന് സാധിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച അദാലത്തിന് എത്തിയ ഭിന്നശേഷിക്കാരനായ സതീഷിനെ കണ്ട ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അടുത്തേക്ക് വിളിച്ച് കാര്യം തിരക്കുകയായിരുന്നു. സതീഷിന്റെ ആവശ്യം ന്യായമാണെങ്കിലും  കുടിവെള്ള കണക്ഷന്‍ ഇതുവരെ ലഭിക്കാതിരുന്നതിന്റെ കാരണം കേട്ട് മന്ത്രി പോലും അമ്പരന്നു.

മലയാലപ്പുഴ മെയിന്‍ റോഡില്‍ മുസ്ലിയാര്‍ എഞ്ചിനിയറിംഗ് കോളജിന് സമീപം കുടുംബവുമൊത്ത് താമസിക്കുന്ന സതീഷ് വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്യുന്നത്. താമസം ഉയര്‍ന്ന പ്രദേശത്ത് ആയതിനാല്‍ സതീഷിന് കുടിവെള്ള കണക്ഷന്‍ നല്‍കിയാല്‍ പൊതുടാപ്പില്‍ വെള്ളത്തിന്റെ ശക്തി കുറയുമെന്ന കാരണത്താലാണ് വാട്ടര്‍ അതോറിറ്റി ഉദ്യമത്തില്‍ നിന്ന് പിന്‍മാറിയത്. നാട്ടുകാരുടെ സമര്‍ദ്ദം വാട്ടര്‍ അതോറിറ്റിയുടെ മേല്‍ ഉണ്ടെന്നും സതീഷ് മന്ത്രിയെ അറിയിച്ചു. സതീഷിന്റെ പരാതി കേട്ട മന്ത്രി എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കാനും കുടിവെള്ള കണക്ഷന്‍ നല്‍കാനും  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.