കക്കോടി പഞ്ചായത്തിലെ മാളുക്കുട്ടിയമ്മ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത് പെരുത്ത് സന്തോഷത്തോടെ. തന്റെ ചികിത്സക്കുള്ള മരുന്ന് വാങ്ങിക്കാനുള്ള അപേക്ഷയുമായെത്തിയ മാളുക്കുട്ടിയമ്മ മടങ്ങിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കുമെന്ന മന്ത്രിയുടെ ഉറപ്പിന്റെ ആശ്വാസത്തോടെയാണ്.
പ്രായാധിക്യത്താൽ ഉൾപ്പടെ വിവിധ രോഗങ്ങൾക്കായി ചികിത്സ തേടുന്ന മാളുക്കുട്ടിയമ്മക്ക് പത്തു ദിവസത്തെ മരുന്നിന് മാത്രം വേണ്ടത് 350 രൂപയാണ്. നിത്യചെലവിന് പോലും വകയില്ലാത്ത ഇവർ മരുന്നിനായി വലിയ പ്രയാസമാണ് നേരിട്ടിരുന്നത്. മരുന്നിന് പണം അനുവദിക്കണമെന്ന ആവശ്യം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജനോട് അവതരിപ്പിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ കക്കോടി വില്ലേജ് ഓഫീസറെ വിളിച്ച് കാര്യമന്വേഷിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് അർഹയാണെന്ന് വില്ലേജ് ഓഫീസർ അറിയിച്ചതോടെ ഫണ്ട് അനുവദിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കക്കോടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തെക്കേകടയാട്ടും വീട്ടിൽ മാളുക്കുട്ടി ഒറ്റക്കാണ് താമസം. മക്കളില്ലാത്ത ഇവർ ഭർത്താവ് മരിച്ചതിന് ശേഷം ഏറെ പ്രയാസത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
ക്വാറിയിൽ മെറ്റൽപ്പണി ചെയ്തിരുന്ന ഇവർ 2004 ൽ ടിപ്പർ ലോറി അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്നു. ശേഷം ജോലിക്ക് പോകാൻ സാധിക്കാതിരുന്നതോടെ വരുമാന മാർഗ്ഗവും മുടങ്ങി. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. മരുന്ന് വാങ്ങുന്നത് മുടങ്ങിയതോടെ ധനസഹായം പ്രതീക്ഷിച്ചാണ് അദാലത്തിനെത്തിയത്.