കക്കോടി കിഴക്കുംമുറി സ്വദേശിനി സരോജിനിക്ക് സ്വന്തം വീട്ടിൽ സമാധാനമായി ഉറങ്ങാം. വീടിനും ജീവനും ഭീഷണിയുയർത്തിയ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കമ്പി കടന്നു പോവുന്നത് സരോജിനിയുടെ വീടിന് മുകളിലൂടെയാണ്. ഇവരുടെ പരാതിയിൽ നടപടി സ്വീകരിച്ച് ഉത്തരവ് കൈപ്പറ്റിയാണ് സരോജിനി അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.
ലൈൻ കമ്പിക്ക് പകരം ഏരിയൽ ബൻഡിൽഡ് കേബിൾ സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി ഉറപ്പ് നൽകി. മഴക്കാലത്ത് ഉൾപ്പടെ ഭയത്തോടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നതെന്ന് സരോജിനി പറയുന്നു. വേഗത്തിൽ നടപടി സ്വീകരിച്ചതിനുള്ള സർക്കാരിനോടുള്ള നന്ദിയും അറിയിച്ചാണ് അവർ മടങ്ങിയത്.
പ്രായമായ സഹോദരിമാർക്കൊപ്പമാണ് സരോജിനി താമസിക്കുന്നത്. ക്ഷേമനിധി പെൻഷൻ മാത്രമാണ് ഇവരുടെ വരുമാനം. വൻ തുക കെട്ടിവച്ചാൽ മാത്രം നടക്കുമായിരുന്ന ആവശ്യമാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ സരോജിനിക്ക് സാധ്യമായത്.