കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം. കാവശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാലിന്യം കുമിഞ്ഞുകൂടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. ഒന്നാം വാര്‍ഡിലെ തോണിക്കടവ് തരൂര്‍ റോഡ്, പ്ലാഴി പാലത്തിന് സമീപത്തെ പഞ്ചായത്ത് അതിര്‍ത്തി, ചമ്മണാംകുന്ന് എന്നിവിടങ്ങളിലെ മാലിന്യം നീക്കി ശുചീകരിച്ചു.

തുടര്‍ന്നും പ്രദേശത്തെ മാലിന്യ മുക്തമായി നിലനിര്‍ത്തുന്നതിന് അടിയന്തിരമായി സി.സി.ടി.വി ക്യാമറ, തെരുവ് വിളക്ക് എന്നിവ സ്ഥാപിക്കുന്നതിനും പ്രദേശം സൗദ്ധര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി പൂച്ചെടികളും ഫലവൃക്ഷതൈകളും നടുന്നതിനും ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്.
വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പ്രദേശവാസികളും സന്നദ്ധ പ്രവര്‍ത്തകരും ശുചിത്വത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും പോലീസും ഉള്‍പ്പെടുന്ന സ്‌ക്വാഡ് രൂപീകരിക്കും. വരുംദിവസങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കാനും രാത്രി സമയങ്ങളില്‍ പട്രോളിങ് നടത്താനും ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡംഗം കേശവദാസ്, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകരായ എം. രാജന്‍, കെ.വി. പ്രകാശന്‍, എസ്. ഉണ്ണികുട്ടന്‍, ആശാ പ്രവര്‍ത്തക പ്രഭാവതി തുടങ്ങിയവര്‍ പങ്കാളികളായി.