അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്തെ 50 ശതമാനത്തോളം പൊതുമരാമത്ത് വകുപ്പ് റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച മാച്ച് ഫാക്ടറി ചേലിയ കാഞ്ഞിലശ്ശേരി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷങ്ങളിൽ പദ്ധതി ആവിഷ്കരിച്ചതിനെക്കാൾ കൂടുതൽ കിലോമീറ്റർ റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചിട്ടുണ്ട്. 2025 ഓടെ കേരളത്തിലെ ദേശീയപാത വികസനം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

3.50 കോടി രൂപ ചെലവിൽ അഞ്ച് മീറ്റർ വീതിയിൽ 2.65 കിലോമീറ്റർ റോഡാണ് ബി എം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തി നവീകരിച്ചത്. എസ് ച്ച് 34 നിന്നും കൊയിലാണ്ടി ടൗണിൽ പ്രവേശിക്കാതെ ദേശീയപാതയിൽ പൂക്കാട് ഭാഗത്തേക്ക് എത്തിച്ചേരാനുള്ള ലിങ്ക് റോഡായും ഇത് ഉപയോഗിക്കാം.

ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബുരാജ്, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ മലയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു മാസ്റ്റർ, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കരോൽ, കൊയിലാണ്ടി നഗരസഭ വാർഡ് കൗൺസിലർമാരായ കെ ഷിജു മാസ്റ്റർ, വി.എം സിറാജ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ ജുബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു മുതിരകണ്ടത്തിൽ, ജ്യോതി നളിനം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
റോഡ്സ് നോർത്ത് സർക്കിൾ കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ വിശ്വപ്രകാശ് ഇ ജി സ്വാഗതവും റോഡ് സബ്ഡിവിഷൻ കൊയിലാണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജിത പി കെ നന്ദിയും പറഞ്ഞു.