പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം പ്രീ -പ്രൈമറി സ്‌കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണ്ണക്കൂടാരം പദ്ധതി പ്രീ -പ്രൈമറി മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പന്തീരങ്കാവ് കൊടൽ ഗവ. യു പി സ്കൂളിൽ വർണ്ണക്കൂടാരം മാതൃകാ പ്രീ സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കി വരുന്നത്. ഘട്ടംഘട്ടമായി കേരളത്തിലെ മുഴുവൻ പ്രീ പ്രൈമറി സ്‌കൂളുകളിലും ഈ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ പരിപാടിയിലൂടെ സംസ്ഥാനത്തെ അറുന്നൂറിലധികം പ്രീപ്രൈമറി സ്‌കൂളുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്‌കൂൾ പഠനാന്തരീക്ഷം ഒരുക്കാനായിട്ടുണ്ട്.
കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്ക് അനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഒരുക്കുക എന്നതാണ് വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ പരിപാടിയിലൂടെ യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശിശുവിന്റെ ശൈശവ കാലഘട്ടത്തിൽ മറ്റുള്ളവരുമായും ചുറ്റുപാടുകളുമായും ഇടപെടാനും അനുഭവങ്ങൾ നേടാനും ധാരാളം അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘു ശാസ്ത്ര പരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ നുണയുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സർവതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങൾ ആണ് ഓരോ സ്‌കൂളിലും സജ്ജമാക്കിയിരിക്കുന്നത്.

പി ടി എ റഹീം എംഎൽഎ, ഒളവണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി ശാരുതി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി രവീന്ദ്രൻ പറശ്ശേരി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ രാജീവ് പെരുമൺപുറ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുജിത് കാഞ്ഞോളി, വാർഡ് മെമ്പർ ബിന്ദു ഗംഗാദരൻ, പി ടി എ പ്രസിഡന്റ്‌ മണികണ്ഠൻ, എച്ച് എം മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു.