തളിപ്പറമ്പ് ബ്ലോക്കില്‍ കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി) എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്‌ഘാടനം  ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ദേശീയ ഉപജീവനം മിഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ മാത്രമാണ് എസ് വി ഇ പി നടപ്പിലാക്കുന്നത്.

ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്താണ് തളിപ്പറമ്പ്. കുടുംബശ്രീ സംരംഭ പദ്ധതികള്‍ക്കായി ആറര കോടിയോളം രൂപ വകയിരുത്തുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. പദ്ധതിയുടെ ഡി പി ആര്‍ പ്രകാശനവും അദ്ദേഹം  നിര്‍വഹിച്ചു.

സംരംഭ പദ്ധതികള്‍ക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്യുന്നതിനായി നിയമിതരായ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്മാരുടെ (എം ഇ സി ) കൂട്ടായ്മയായ ‘സപര്യ’ യുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ എടുക്കാനും ലോണ്‍ ലഭിക്കാനും വേണ്ട സഹായങ്ങള്‍ നല്‍കുക, സംരംഭക പ്ലാനുകള്‍ തയ്യാറാക്കുക, പരിശീലനം നല്‍കുക തുടങ്ങിയവയാണ് എം ഇ സിമാര്‍ നല്‍കുന്ന സേവനങ്ങള്‍. നൂതന ആശയങ്ങള്‍ക്കുള്ള  ഇന്നൊവേറ്റീവ്  ഫണ്ട്, പ്രയാസമുള്ളവര്‍ക്കായുള്ള ക്രൈസിസ് ഫണ്ട് തുടങ്ങി കുടുംബശ്രീ മിഷന്‍ നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും എസ് വി ഇ പി സംരംഭകരും അര്‍ഹരാണ്. പഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസ്സ് കളുടെ ചെയര്‍പേഴ്‌സണ്‍മാരും  എം ഇ കണ്‍വീനര്‍മാരും ഇതിന് നേതൃത്വം നല്‍കും. 35 എം ഇ സി മാരാണ് തളിപ്പറമ്പ് ബ്ലോക്കിൽ സേവനം നൽകുക. ഒരാള്‍ക്ക് മൂന്നോ നാലോ വാര്‍ഡുകളുടെ ചുമതല ഉണ്ടായിരിക്കും. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവില്‍, പട്ടുവം, കടന്നപ്പള്ളി, പരിയാരം, കുറുമാത്തൂര്‍, ചെങ്ങളായി എന്നീ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക്  എസ് വി ഇ പി യുടെ  ഗുണഭോക്താക്കളാവാം.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം സുര്‍ജിത്, ബി എന്‍ എസ് ഇ പി ചെയര്‍പേഴ്സണ്‍ എന്‍ റീജ, പരിയാരം ഗ്രാമപഞ്ചായത് പ്രസിഡണ്ട് ടി ഷീബ, നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ ജി ബിന്ദു എന്നിവര്‍ പങ്കെടുത്തു.